റിയാദ് – തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗജന്യ നിയന്ത്രിത പാര്‍ക്കിംഗ് സൗകര്യം നടപ്പാക്കാന്‍ തുടങ്ങിയതായി റിയാദ് പാര്‍ക്കിംഗ് പ്രോജക്ട് അറിയിച്ചു. റിയാദില്‍ പബ്ലിക് പാര്‍ക്കിംഗ് വ്യവസ്ഥാപിതമാക്കാനും കൈകാര്യം ചെയ്യാനും നിയമവിരുദ്ധമായ പാര്‍ക്കിംഗ് രീതികള്‍ കുറക്കാനും വാണിജ്യ തെരുവുകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത് കുറക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ വ്യവസ്ഥാപിത നഗര പരിസ്ഥിതി പ്രദാനം ചെയ്യാനും റിയാദ് നിവാസികളുടെയും സന്ദര്‍ശകരുടെയും ജീവിത നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ പദ്ധതി സഹായിക്കും.
സുപ്രധാന വാണിജ്യ തെരുവുകളില്‍ പേ പാര്‍ക്കിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മുന്‍ ഘട്ടത്തിന്റെ പരസ്പര പൂരകമെന്നോണമാണ് ജനവാസ കേന്ദ്രങ്ങളില്‍ സൗജന്യ നിയന്ത്രിത പാര്‍ക്കിംഗ് സൗകര്യം നടപ്പാക്കുന്നത്. വാഹന പാര്‍ക്കിംഗ് മെച്ചപ്പെടുത്താനും പൊതു ഇടങ്ങളുടെ കാര്യക്ഷമമായ ഉപയോഗം വര്‍ധിപ്പിക്കാനും വാണിജ്യ തെരുവുകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത് കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വാണിജ്യ തെരുവുകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത് തിരക്കിനും അനിയന്ത്രിതമായ പാര്‍ക്കിംഗിനും കാരണമാകുന്നു.
റിയാദ് പാര്‍ക്കിംഗ് പദ്ധതി പരിധിയില്‍, വാണിജ്യ തെരുവുകള്‍ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളില്‍ സൗജന്യ നിയന്ത്രിത പാര്‍ക്കിംഗ് എന്ന ആശയം, താമസക്കാരുടേതല്ലാത്ത വാഹനങ്ങളുടെ സാന്നിധ്യം പരിമിതപ്പെടുത്തി പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. റിയാദ് പാര്‍ക്കിംഗ് ആപ്പ് വഴി താമസക്കാര്‍ക്കും അവരുടെ സന്ദര്‍ശകര്‍ക്കും ഡിജിറ്റല്‍ റെസിഡന്‍ഷ്യല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കിയാണ് സൗജന്യ നിയന്ത്രിത പാര്‍ക്കിംഗ് സൗകര്യം നടപ്പാക്കുന്നത്. വ്യവസ്ഥാപിത പാര്‍ക്കിംഗ് നല്‍കാനും ക്രമരഹിതമായ പാര്‍ക്കിംഗ് കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ക്രമരഹിതമായ പാര്‍ക്കിംഗ് താമസക്കാരുടെ സുഖസൗകര്യങ്ങളെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു.


നാഷണല്‍ സിംഗിള്‍ സൈന്‍-ഓണ്‍ സര്‍വീസസ് (നഫാദ്) പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന റിയാദ് പാര്‍ക്കിംഗ് ആപ്പ് വഴി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും റെസിഡന്‍ഷ്യല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ഡിജിറ്റലായി ലഭിക്കും. നിലവിലെ ഘട്ടത്തില്‍ അല്‍വുറൂദ് ഡിസ്ട്രിക്ടിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീടുള്ള ഘട്ടങ്ങളില്‍ വാണിജ്യ തെരുവുകളില്‍ പേ പാര്‍ക്കിംഗിന് സമീപമുള്ള കൂടുതല്‍ ഡിസ്ട്രിക്ടുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
2024 ഓഗസ്റ്റില്‍ ആരംഭിച്ച റിയാദ് പാര്‍ക്കിംഗ് പ്രോജക്ട് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് പാര്‍ക്കിംഗ് പദ്ധതികളില്‍ ഒന്നാണ്. ജനവാസ കേന്ദ്രങ്ങളില്‍ 1,40,000 ലേറെ സൗജന്യ പാര്‍ക്കിംഗുകള്‍ കൈകാര്യം ചെയ്യാനും വാണിജ്യ തെരുവുകളില്‍ 24,000 പേ പാര്‍ക്കിംഗുകള്‍ കൈകാര്യം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നു. അല്‍വുറൂദ്, അല്‍റഹ്മാനിയ, വെസ്റ്റ് അല്‍ഉലയ, അല്‍മുറൂജ്, കിംഗ് ഫഹദ്, അല്‍സുലൈമാനിയ എന്നിവയുള്‍പ്പെടെ ഏതാനും ഡിസ്ട്രിക്ടുകളിലായി വ്യാപിച്ചുകിടക്കുന്ന 12 സോണുകള്‍ സൗജന്യ നിയന്ത്രിത പാര്‍ക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.