തിരുവനന്തപുരം– ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ഒടിടി റിലീസിന് ശേഷമുണ്ടായ ചർച്ചകൾക്കും വിവാദങ്ങൾക്കും മറുപടി പറഞ്ഞ് സംവിധായകൻ വിനേഷ് വിശ്വനാഥൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മറുപടി പങ്കുവെച്ചത്. സിനിമയുടെ ക്ലൈമാക്‌സിൽ കാണിച്ച യു ഷേപ്പ് ബെഞ്ചിങ് രീതി മറ്റ് പല സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ സ്‌കൂളുകളിലാണ് നടപ്പിലാക്കിയത്.
അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ കേൾക്കുന്നുണ്ട്. ക്ലാസ്‌റൂമുകളിലെ ബെഞ്ചിങ് ആകൃതികളെ കുറിച്ച് മാത്രമല്ല, അധ്യാപന രീതികളെ കുറിച്ചും ചർച്ച ചെയ്യപ്പെടണം, എല്ലാ വേർതിരിവുകളും ഇല്ലാതാവട്ടെയെന്നും സംവിധായകൻ പറഞ്ഞു.
യു ഷേപ്പ് ബെഞ്ചിങ് രീതി നടപ്പിലാക്കിയ സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളും സന്തോഷത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. ക്ലാസ് റൂമുകളുടെ ബെഞ്ചിങ് ഷേപ്പ് മാറ്റുക എന്നതല്ല ബാക്ക് ബഞ്ചർ, ഫ്രണ്ട് ബ്രഞ്ചർ ലേബലുകൾ പൊളിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യം. അത് എല്ലാവരും ഒരേ സ്വരത്തിൽ നല്ലതാണെന്ന് സമ്മതിക്കുന്നുമുണ്ട്.
അങ്ങനെ ഒരു ക്ലൈമാക്‌സ് ഏത് സന്ദർഭത്തിലാണെന്ന് സംഭവിച്ചതെന്ന് മനസിലാക്കാൻ സിനിമ കാണാത്തവരോട് കാണാൻ അഭ്യർഥിക്കുകയും ചെയ്തു. ഒരു ഏഴാം ക്ലാസുകാരൻ അവന്റെ ക്ലാസിൽ ഉണ്ടാവണമെന്ന് ആഗ്രഹിച്ച മാറ്റം മാത്രമാണ് സിനിമയിൽ. എന്നാൽ ആ രീതി മാത്രമാണ് ശരിയെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരേ.
‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷമുണ്ടായ ചർച്ചകളോടും മാറ്റങ്ങളോടും വിമർശനങ്ങളോടും സംവിധായകൻ എന്ന നിലയിലുള്ള പൊതു മറുപടിയാണ്. സിനിമയുടെ ക്‌ളൈമാക്‌സിൽ കാണിച്ചിട്ടുള്ള ഡ ഷേപ്പ് ബെഞ്ചിങ് രീതി മറ്റ് പല സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ സ്‌കൂളുകൾ നടപ്പിലാക്കിയിരുന്നു. അതിനോടുള്ള അനുകൂലമായതും പ്രതികൂലമായതുമായ പ്രതികരണങ്ങൾ താല്പര്യത്തോടെ കേട്ടറിയുന്നുമുണ്ട്
നടപ്പിലാക്കിയ സ്‌കൂളുകളിലെ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സന്തോഷ വർത്തമാനമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.
ഇതിനെ സംബന്ധിച്ചുള്ള ചർച്ചകൾ എന്ത് തന്നെയായാലും (വിമർശനങ്ങൾ ഉൾപ്പെടെ) ഒലമഹവ്യേ ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഷേപ്പിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴും നിലവിലുള്ള ഫ്രണ്ട് ബഞ്ചർ, ബാക്ക് ബഞ്ചർ ലേബലുകൾ പൊളിയുന്നത് നല്ലതാണ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നുണ്ട്. അതു തന്നെയാണ് സിനിമ പറഞ്ഞതും.
സിനിമയിൽ അത് എന്ത് contetxൽ സംഭവിക്കുന്നു എന്നത് കണ്ടറിയാൻ ഇനിയും സിനിമ കാണാത്തവരോട് അഭ്യർത്ഥിക്കുന്നു. (കുറഞ്ഞപക്ഷം ഈ ചർച്ച എങ്ങനെ ഉണ്ടായി എന്ന curiosity കൊണ്ടെങ്കിലും).
ഒരു ഏഴാം ക്ലാസുകാരൻ അവന്റെ ക്ലാസിൽ ഉണ്ടാവണം എന്ന് ആഗ്രഹിച്ച ഒരു മാറ്റം മാത്രമാണ് സിനിമയിൽ ഈ വിഷയം. എന്നാൽ ആ രീതി മാത്രമാണ് ശരി എന്ന് ഞങ്ങൾക്കും യാതൊരു അഭിപ്രായവുമില്ല. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഇതുപോലെ ഒരു ബെഞ്ചിങ് സിസ്റ്റത്തിൽ ഇരുന്ന് ഞാൻ പഠിച്ചിട്ടുള്ള ഓർമയിലാണ് സിനിമ എഴുതുന്നതുതന്നെ. അതായത് ഇത് ഞങ്ങളുടെ കണ്ടുപിടിത്തമാണെന്നൊന്നും ഒരു അവകാശവാദവും എവിടെയുമില്ല. ഉണ്ടായിരുന്നതിനെ ഒന്ന് ഓർമിപ്പിച്ചു എന്നുമാത്രം.
ശരിയായ ഒരു രീതി, അതെന്ത് തന്നെയായാലും- വരണം എന്ന് ഞാനും ആഗ്രഹിക്കുന്നു. ഞങ്ങളുടെ സിനിമ കാരണം എല്ലാ സ്‌കൂളുകളിലും ഡ ഷേപ്പ് ആകൃതി വന്നാൽ ‘ഞങ്ങൾ കാരണമുണ്ടായ മാറ്റം’ എന്ന് അഭിമാനത്തോടെയുള്ള പറച്ചിലിനെക്കാളും, വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ കൂടി കേട്ടറിഞ്ഞ് അതിനെയും പരിഹരിച്ചുകൊണ്ടുള്ള മാറ്റങ്ങൾ വരുന്നതാണ് ഞങ്ങൾക്ക് സന്തോഷം എന്നുകൂടി പറയട്ടെ.
ഇനി, ഒരു ബെഞ്ചിങ് ആകൃതി മാറി എന്ന ഒറ്റ കാരണം കൊണ്ട് ശ്രീ.അജു വർഗീസ് അവതരിപ്പിച്ച ‘സി.പി’ യെ പോലെയുള്ള ടോക്‌സിക് അധ്യാപകർ മാറില്ല.തങ്ങൾക്ക് ഇഷ്ടമുള്ളവരെ മാത്രം കേന്ദ്രീകരിച്ച് പഠിപ്പിച്ച്, കുട്ടികളിൽ വേർതിരിവുകൾ സൃഷ്ടിക്കുന്ന സിപിമാർ തിരിച്ചറിയപ്പെടണം, തിരുത്തപ്പെടണം. അതാണ് ഞങ്ങളുടെ സിനിമയിലെ കാതലായ ആശയം.
നമ്മുടെ കുട്ടികൾക്ക് കേൾവിക്കാരുണ്ടാകട്ടെ. അവർ പ്രശ്‌നങ്ങൾ പങ്കുവെക്കുമ്പോൾ ഉപദേശ ക്ലാസും താരതമ്യപ്പെടുത്തലുകളും ഒഴിവാക്കി മുതിർന്നവർ അവരെ കേൾക്കട്ടെ. വേർതിരിവുകളും തരം തിരിക്കലുകളും ഇല്ലാതാകട്ടെ. ബെഞ്ചിങ് ആകൃതിയോടൊപ്പം പ്രധാനമായും അധ്യാപന രീതികളും ചർച്ച ചെയ്യപ്പെടട്ടെ.
-വിനേഷ് വിശ്വനാഥ്.
സംവിധായകൻ ,കഥാകൃത്ത്, സഹ-തിരക്കഥാകൃത്ത്,- സ്താനാർത്തി ശ്രീക്കുട്ടൻ.