- ഗാസയില്‍ പട്ടിണി മൂലം അഞ്ചു പേര്‍ കൂടി മരിച്ചു
ഗാസ – ഇരുപത്തിനാലു മണിക്കൂറിനിടെ പട്ടിണി മൂലം ഗാസയില്‍ അഞ്ചു പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടവരുടെ എണ്ണം 193 ആയി. ഇതില്‍ 96 പേര്‍ കുട്ടികളാണ്. അതേസമയം, മധ്യ ഗാസിലെ ദെയ്ര്‍ അല്‍ബലഹില്‍ ഇന്നലെ രാത്രി വൈകി ഭക്ഷണ സാധനങ്ങള്‍ വഹിച്ച ട്രക്ക് മറിഞ്ഞ് 20 ഫലസ്തീനികള്‍ മരണപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ടാര്‍ ചെയ്യാത്ത റോഡിലൂടെ സഞ്ചരിച്ച റിലീഫ് വസ്തുക്കള്‍ വഹിച്ച ട്രക്കിനു സമീപത്തേക്ക് എത്താന്‍ നിരവധി പേര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. നിയന്ത്രണം വിട്ട ട്രക്ക് ആള്‍ക്കൂട്ടത്തിനു മുകളിലേക്ക് മറിയുകയായിരുന്നു. സമാനമായ മറ്റൊരു അപകടത്തില്‍, വടക്കന്‍ ഗാസയില്‍ വിമാനത്തില്‍ നിന്ന് ഇട്ടുനല്‍കിയ റിലീഫ് വസ്തുക്കള്‍ അടങ്ങിയ ബോക്‌സുകള്‍ പതിച്ച് ഒരാള്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും ദുരിതബാധിത പ്രദേശങ്ങളിലെ താമസക്കാരാണെന്നും അവര്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുകയും ട്രക്കുകളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ് അപകടത്തില്‍ മരിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തിന് കാരണം ഇസ്രായില്‍ സൈന്യമാണെന്നും മുമ്പ് ബോംബാക്രമണം നടത്തിയതും ഗതാഗതത്തിന് അനുയോജ്യമല്ലാത്തതുമായ സുരക്ഷിതമല്ലാത്ത റോഡുകളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ട്രക്കിനെ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ ആരോപിച്ചു.
വ്യവസ്ഥാപിതമായ സഹായ വിതരണം തടഞ്ഞും ക്രമരഹിതവും അപകടകരവുമായ സാഹചര്യങ്ങളില്‍ സഹായ വിതരണം അനുവദിച്ചും ഇസ്രായിലി സൈന്യം കുഴപ്പവും പട്ടിണിയും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഭവം കൂട്ട പട്ടിണി നയത്തിന്റെ ഫലമാണ്. റിലീഫ് വസ്തുക്കളുടെ ക്രമാനുഗതമായ പ്രവേശനം ഇസ്രായില്‍ തടസ്സപ്പെടുത്തുന്നു. ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് അപകടകരമായ വഴികള്‍ ഏര്‍പ്പെടുത്തുന്നു. ഇത് അവക്കു ചുറ്റും തിക്കിത്തിരക്കാന്‍ ഉപരോധത്തില്‍ കഴിയുന്ന സാധാരണക്കാരെ പ്രേരിപ്പിക്കുകയാണ് – ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ സമീപ മാസങ്ങളില്‍ സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി ഭക്ഷണം വാങ്ങാന്‍ ശ്രമിച്ച നൂറുകണക്കിന് ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. മാനുഷിക സംഘടനകള്‍ ഇതിനെ ദുരന്തകരവും അഭൂതപൂര്‍വവുമായ സ്ഥിതിഗതികള്‍ എന്ന് വിശേഷിപ്പിക്കുന്നു.
സഹായത്തിന്റെ സുരക്ഷിതവും സുസ്ഥിരവുമായ ഒഴുക്ക് ഉറപ്പാക്കാനും ക്രോസിംഗുകള്‍ പൂര്‍ണമായും തുറക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ആവശ്യപ്പെട്ടു. ഗാസയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിക്ക് ഇസ്രായിലും അമേരിക്കയും ഉത്തരവാദികളാണെന്നും ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു.
പട്ടിണി ഗാസ മുനമ്പിലെ പുതിയ കൊലയാളിയായി മാറിയിരിക്കുന്നതായും സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും സഹായം എത്തിക്കേണ്ട സമയമാണിതെന്നും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും അന്തസ്സോടെയും സഹായം എത്തിക്കേണ്ട സമയമാണിത്. ഐക്യരാഷ്ട്രസഭയെയും അതിന്റെ പങ്കാളികളെയും അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടത് അനിവാര്യമാണെന്നും ലസാരിനി എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു.
അതിനിടെ, ഗാസ നഗരത്തിലെ സെയ്തൂന്‍ ഡിസ്ട്രിക്ടില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് ഇസ്രായില്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. സെയ്തൂന്‍ ഡിസ്ട്രിക്ടിലെ നിവാസികളോട് തെക്കന്‍ ഗാസ തീരത്തുള്ള അല്‍മവാസി പ്രദേശത്തേക്ക് പോകാന്‍ സൈന്യം നിര്‍ദേശിച്ചു.