മനാമ– മരിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ബഹ്റൈൻ പൊലീസ്. ബഹ്റൈനിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്. നാൽപ്പത്തിനാലുകാരനായ പ്രതി ഇതേ കമ്പനിയിൽ മുമ്പ് ജോലി ചെയ്തിരുന്നു. മാസങ്ങളോളം ശമ്പളം നൽകാത്തതിനുള്ള പ്രതികാരമായിട്ടായിരുന്നു ഇയാൽ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മുന്നിട്ടിറങ്ങിയത്
ഇൻഷുറൻസ് തുകയായ 1.88 ലക്ഷം ബഹ്റൈനി ദിനാർ (ഏകദേശം 4.17 കോടി രൂപ) സ്വന്തമാക്കാൻ തന്റെ മരണ സർട്ടിഫിക്കറ്റ് കള്ളമായി സൃഷ്ടിച്ച് കമ്പനിയിലേക്ക് സമർപ്പിച്ചെന്നാണ് ആരോപണം. തട്ടിപ്പിന് നേതൃത്വം കൊടുത്തത് ഇയാളുടെ സ്വന്തം ഭാര്യയും സഹോദരനും കൂടി ചേർന്നായിരുന്നു.ഇവർ രണ്ടു പേരു കൂടിയായിരുന്നു മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും കമ്പനിയിൽ സമർപ്പിക്കുകയും ചെയ്തത്.
സംശയം തോന്നിയ കമ്പനി അധികൃതർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തറിഞ്ഞത്. ഇവർക്കെതിരെയുള്ള കേസിന്റെ വിചാരണ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ പുരോഗമിക്കുകയാണ്. ഇൻഷുറൻസ് തട്ടിപ്പിലൂടെ വലിയ തുക കൈവശമാക്കാൻ ശ്രമിച്ച ഈ നാടകം, അന്വേഷണത്തിൽ പൊളിഞ്ഞതോടെയാണ് കോടതി വിചാരണയുമായ് മുന്നോട്ടുപോകുന്നത്.