റിയാദ്– സുലൈ ഏരിയ ഒൻപതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെൻ്റിന് ആവേശാരംഭം. സുലൈ എം.സി.എ, ടെക്നോമേക്ക് ഗ്രൗണ്ടുകളിൽ ആരംഭിച്ച ടൂർണമെന്റ് കേളി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും ഏരിയാ രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയുമായ കാഹിം ചേളാരി, സ്പോർട്സ് കമ്മിറ്റി ആക്ടിങ് കൺവീനർ സുജിത് മലാസ്, ചെയർമാൻ ജവാദ് പെരിയോട്ട്, സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്തൈൻ, ഏരിയാ പ്രസിഡന്റ് ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ടൂർണമെന്റിന്റെ ആദ്യ ദിവസത്തെ മത്സരഫലങ്ങൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് പ്രഖ്യാപിച്ചു. ‘മാൻ ഓഫ് ദ മാച്ച്’ ട്രോഫികൾ കേളിയുടെ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സുജിത് മലാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
നോകൗട്ട് റൗണ്ടിലെ ആദ്യദിന മത്സര ഫലങ്ങൾ: കിങ്സ് മലാസ് 9 വിക്കറ്റിന് ഓൾഡ് സനയ്യ ബോയ്സിനെ തോൽപ്പിച്ചു. (മാൻ ഓഫ് ദ മാച്ച്: പ്രണവ്) രത്നഗിരി റോയൽസ് 54 റൺസിന് ഹോക്സ് റിയാദിനെ മറികടന്നു. (മാൻ ഓഫ് ദ മാച്ച്: ജുനൈദ്) ഉസ്താദ് ഇലവൻ 16 റൺസിന് ആഷസ് സിസിയെ തോൽപ്പിച്ചു. (മാൻ ഓഫ് ദ മാച്ച്: ഹാരിസ്) ആവേശകരമായ നാലാം മത്സരത്തിൽ റിയാദ് വേരിയേഴ്സ്, ടീം പാരമൗണ്ടിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. കുക്കുവാണ് മാൻ ഓഫ് ദ മാച്ച്.