മസ്‌കത്ത്– മസ്‌കത്തിൽ ആദ്യത്തെ സിറ്റി ചെക്ക്-ഇൻ സെന്റർ ആരംഭിക്കാൻ പദ്ധതിയിട്ട് ഒമാൻ എയർ. ഇതിലൂടെ യാത്രക്കാർക്ക് വരി നിൽക്കാതെ നേരിട്ട് ഇമിഗ്രേഷനിലേക്ക് പോകാൻ കഴിയും. പരീക്ഷണാടിസ്ഥാനത്തിലാണ് മസ്‌കത്തിൽ സിറ്റി-ചെക്ക് ഇൻ ആരംഭിക്കുന്നതെന്ന് ഒമാൻ എയർ സിഇഒ കോൺ കോർഫിയാട്ടിസ് പറഞ്ഞു.
‘മസ്കത്തൊരു ചെറിയ സിറ്റിയാണ്, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനം അന്തിമമായിട്ടില്ല, പരീക്ഷണം എങ്ങനെയുണ്ടാവുമെന്ന് നോക്കട്ടെ. അതനുസരിച്ച് കൂടുതൽ നിക്ഷേപങ്ങൾ നടത്തും’ അദ്ദേഹം പ്രാദേശിക മാധ്യമമായ ടൈംസ് ഓഫ് ഒമാനോട് പറഞ്ഞു. ഈ വർഷം അവസാനത്തോടെ പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത കാലത്തായിട്ട് തിരക്കേറിയ ഖരീഫ് സീസണിൽ യാത്ര സുഖമമാക്കാൻ ഒമാൻ എയർ സിറ്റി ചെക്ക്-ഇൻ സലാലയിൽ ആരംഭിച്ചിരുന്നു.