റിയാദ്: ട്രാഫിക് പിഴകളില്‍ അമ്പത് ശതമാനം ഇളവ് ആനുകൂല്യം ഈ മാസം 18 മുതല്‍ നിലവില്‍ വരുമെന്നും ഇതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തട്ടിപ്പുകള്‍ സൂക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ അബ്ശിര്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ക്ക് വ്യക്തിഗത തിരിച്ചറിയല്‍ രേഖ നമ്പറോ ബാങ്ക് വിവരങ്ങളോ കൈമാറരുത്. അബ്ശിര്‍ യൂസര്‍നെയിമും പാസ്‌വേര്‍ഡും ആര്‍ക്കും കൈമാറരുത്.
സൗദിയിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ട്രാഫിക് പിഴ ആനുകൂല്യം ലഭിക്കും. എന്നാല്‍ ട്രാഫിക് പിഴകള്‍ ആവര്‍ത്തിക്കരുതെന്നും എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും അബ്ശിര്‍ വ്യക്തമാക്കി.
ട്രാഫിക് പിഴയിളവ് ആനുകൂല്യം ശവ്വാല്‍ ഒമ്പത് അഥവാ ഏപ്രില്‍ 18ന് സ്വമേധയാ ലഭിക്കുമെന്നും ഏതെങ്കിലും ലിങ്കുകളിലോ അബ്ശിറിലോ പ്രവേശിക്കേണ്ടതില്ലെന്നും സാങ്കേതിക വിദഗ്ധനായ അബ്ദുല്ല അല്‍സബഅ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. എല്ലാവരുടെയും അബ്ശിര്‍ സിസ്റ്റത്തില്‍ ഓട്ടോമാറ്റിക് ആയി ആനുകൂല്യം വന്നുനില്‍ക്കും. എന്നാല്‍ ഇത് ചൂഷണം ചെയ്യാന്‍ ചില തട്ടിപ്പുകാര്‍ രംഗത്തുണ്ട്. ചില ലിങ്കുകള്‍ അയച്ച് അവര്‍ ജനങ്ങളെ ചൂഷണം ചെയ്യും. കരുതിയിരിക്കണം. അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് സൗദിയിലാണ്. അതിനാലാണ് സൗദിയില്‍ ഇത്രയധികം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. സുരക്ഷിതമല്ലാത്ത സംശയാസ്പദമായ ലിങ്കുകള്‍ വഴി ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യരുതെന്നും അതുവഴിയാണ് പലരും തട്ടിപ്പിനിരയാകുന്നതെന്നും സൗദി ബാങ്കുകളിലെ ഇന്‍ഫര്‍മേഷന്‍ അവയര്‍നെസ് കമ്മിറ്റി ഉണര്‍ത്തി.