വാഷിംഗ്ടണ്‍ – ഗാസ യുദ്ധത്തെ വംശഹത്യയായി കണക്കാക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനിടെ ഭയാനകമായ കാര്യങ്ങള്‍ സംഭവിച്ചതായി ട്രംപ് വാദിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തോടുള്ള ഇസ്രായിലിന്റെ പ്രതികരണം വംശഹത്യ ആണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് മറുപടിയായി, എനിക്ക് അങ്ങിനെ തോന്നുന്നില്ലെന്ന് ട്രംപ് മറുപടി നല്‍കിയതായി ദി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഭീകരതയെ കുറിച്ച് സംസാരിച്ച ട്രംപ് ഇസ്രായിലികള്‍ യുദ്ധത്തിലാണെന്ന് പറഞ്ഞു.
അമേരിക്ക ഫലസ്തീനികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗാസയിലെ സ്ഥിതിഗതികളെ കുറിച്ച ചോദ്യത്തിന് മറുപടിയായി ട്രംപ് ആവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആളുകള്‍ പട്ടിണി കിടക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇസ്രായില്‍ അവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ പട്ടിണി കിടന്ന് മരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല – ട്രംപ് പറഞ്ഞു.
പട്ടിണിയും പോഷകാഹാരക്കുറവും മൂലം 24 മണിക്കൂറിനിടെ ആറ് പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഇതോടെ 93 കുട്ടികളുള്‍പ്പെടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആകെ മരിച്ചവരുടെ എണ്ണം 175 ആയി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വിനാശകരമായ യുദ്ധം 22 മാസം പിന്നിട്ടതോടെ ഗാസ മുനമ്പ് വ്യാപകമായ പട്ടിണി നേരിടുന്നു.
മാര്‍ച്ച് ആദ്യം ഇസ്രായില്‍ ഗാസക്കെതിരെ സമഗ്രമായ ഉപരോധം ഏര്‍പ്പെടുത്തിയത് ഭക്ഷണം, മരുന്ന്, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയുടെ കടുത്ത ക്ഷാമം സൃഷ്ടിച്ചു. ഇസ്രായിലും അമേരിക്കയും പിന്തുണക്കുന്ന ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴി വിതരണം ചെയ്യാനായി മെയ് അവസാനത്തോടെ ഗാസയിലേക്ക് ഇസ്രായില്‍ നാമമാത്ര സഹായം അനുവദിച്ചു.