ഹൈദരാബാദ്– ഒമാനിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ തെലങ്കാന യുവതിക്ക് രക്ഷകനായി എത്തിയത് ബിആർഎസ് വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമ റാവു. 28 കാരിയായ യുവതി ഞായറാഴ്ചയാണ് സുരക്ഷിതമായി ഇന്ത്യയിലെത്തിയത്.
ഗോദാവരിഖാനി സ്വദേശിയായ അഫ്രിൻ ഒരു ഏജന്റിന്റെ ഉറപ്പിനെ തുടർന്നാണ് ജോലിക്കായി ഒമാനിലേക്ക് വിമാനം കയറിയത്. വീട്ടു ജോലിക്കായാണ് അഫ്രിൻ ഒമാനിലെത്തിയത്. മികച്ച ജീവിതം കെട്ടിപ്പടുക്കാമെന്ന് സ്വപ്നം കണ്ട് ഓമനിലെത്തിയ അഫ്രിനെ കാത്തിരുന്നത് കൊടിയ പീഡനമായിരുന്നു. ഭക്ഷണം നൽകാതെ പൂട്ടിയിട്ടു, തുടർച്ചയായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ വേറെ. ഒന്ന് രക്ഷപ്പെടാൻ അഫ്രിൻ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, നിരാശ തന്നെ ഫലം.
അപ്പോഴാണ് ഭാഗ്യം അഫ്രിനെ തേടിയെത്തിയത്. ഒരു ബിആർഎസ് പ്രവർത്തകനിലൂടെയാണ് രാമ റാവു അഫ്രിനയുടെ ദുരവസ്ഥ അറിയുന്നത്. അഫ്രിനയുടെ മോചനത്തിനായി കാര്യക്ഷമമായി പ്രവർത്തിച്ച രാമ റാവു രാമഗുണ്ടത്തിൽ നിന്നുള്ള പാർട്ടി നേതാവ് ഹരീഷ് റെഡ്ഡിയോട് ഇടപെടാൻ നിർദ്ദേശിച്ചു. താമസിയാതെ ബിആർഎസ് വർക്കിംഗ് പ്രസിഡന്റിന്റെ ഓഫീസ് ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപെട്ടു. മോചിപ്പിക്കുന്നതിനായി 1.2 ലക്ഷം രൂപ പ്രാദേശിക ഏജന്റിന് നൽകുകയും അഫ്രിനയെ സുരക്ഷിതമായി ഹൈദരാബാദിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
ഞായറാഴ്ച രാമറാവുവിന് നന്ദി പറയാൻ അഫ്രിൻ തെലങ്കാന ഭവനിൽ നേരിട്ടെത്തി. വികാരഭരിതയായ അവർ രാമ റാവുവിന്റെ കയ്യിൽ ഒരു രാഖി കെട്ടി. തുടർന്നും അവൾക്ക് അദ്ദേഹം തന്റെ പിന്തുണ ഉറപ്പു നൽകി. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച ഹരീഷ് റെഡ്ഡിയുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.