ലണ്ടൺ- സൗദി പ്രൊഫഷണൽ ലീഗിലെ ഭീമൻ ക്ലബായ അൽ ഹിലാൽ, ലിവർപൂൾ ഫോർവേഡ് ഡാർവിൻ നുനസിനെ സ്യന്തമാക്കാനൊരുങ്ങുന്നു. അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമായി താരത്തെ തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. നേരത്തെ ഒസിമെൻ, അലക്സാണ്ടർ ഇസാക്ക്, ബെഞ്ചമിൻ സെസ്കോ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിച്ച അൽ ഹിലാൽ, ഒടുവിൽ ഉരുഗ്വേയൻ ഫോർവേഡിലേക്ക് താല്പര്യം തിരിച്ചു എന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം ന്യൂനസ് സൗദിയിലേക്ക് നീങ്ങാൻ തയ്യാറാണെന്നും ക്ലബ് അതിനുള്ള ചുവടുവെയ്പുകൾ തുടങ്ങി കഴിഞ്ഞുവെന്നും പറയപ്പെടുന്നു. നിലവിൽ ലിവർപൂളിന് ഔദ്യോഗികമായി ഓഫർ ലഭിച്ചിട്ടില്ലെങ്കിലും, അൽ ഹിലാൽ ഇപ്പോഴും നീക്കം തുടരുകയാണ്.
2022-ൽ ബെൻഫിക്കയിൽ നിന്ന് ഏകദേശം €100 മില്യൺ ട്രാൻസ്ഫർ തുകയ്ക്ക് ലിവർപൂളിൽ എത്തിയ 26 കാരനായ നുനസ്, ഇപ്പോഴും ക്ലബിൽ തന്റേതായ സ്ഥിരതയും ഫോമും കണ്ടെത്താനാകാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ സീസണിൽ 47 മത്സരങ്ങളിൽ ഏഴ് ഗോൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പ്രീമിയർ ലീഗിൽ മാത്രം എട്ട് മത്സരങ്ങളിലാണ് നുനസ് സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം നേടിയത്
അൽ ഹിലാലിന്റെ ബിഗ്-മൂവ് പദ്ധതികൾക്കിടയിൽ നുനസ് ട്രാൻസ്ഫറായാൽ, അത് ഈ ട്രാൻസ്ഫർ വിൻഡോയിലെ ഒരു പ്രധാന സംഭവമായേക്കും.