* ഇത് വരെ വോട്ട് ചെയ്തത് ഇ. അഹമ്മദിന് മാത്രം, അതിനായി മൂന്ന് വട്ടം നാട്ടില്‍ പോയി
* നിലമ്പൂര്‍ – തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ് എന്ന ആശയമുദിച്ചത് ജിദ്ദയില്‍ ഞങ്ങളുടെ ഫ്‌ളാറ്റില്‍
ദ മലയാളം ന്യൂസിന്റെ എന്റെ വോട്ട് പംക്തിയിൽ വി.പി മുഹമ്മദലി സംസാരിക്കുന്നു
ജിദ്ദ – ഇന്ത്യാമുന്നണിയെ അധികാരത്തിലേറ്റുക എന്നത് തന്നെയാണ് രാജ്യപുരോഗതിയിലും മതനിരപേക്ഷതയിലും വിശ്വാസമുള്ള ഓരോ ഇന്ത്യക്കാരനോടും ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് പ്രമുഖ പ്രവാസി ബിസിനസുകാരനും ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ വി.പി. മുഹമ്മദലി.
-ജീവിതത്തില്‍ മൂന്നു തവണയേ വോട്ട് ചെയ്തിട്ടുള്ളൂ. മൂന്ന് പ്രാവശ്യവും ഇ. അഹമ്മദ് സാഹിബിനെ ജയിപ്പിക്കുന്നതില്‍ പങ്കാളിയാകാന്‍ വേണ്ടി തെരഞ്ഞെടുപ്പുകളുടെ തലേന്ന് നാട്ടില്‍ പോയി. ഇത്തവണ അല്‍പം നേരത്തെ പോകും. എന്നോടൊപ്പം എന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയുമെല്ലാം വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിന്റെ ദേശീയതലത്തില്‍ അനിഷേധ്യനേതാവുമായ രാഹുല്‍ഗാന്ധിക്ക് വേണ്ടി സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര – മുഹമ്മദലി ‘ദ മലയാളം ന്യൂസി’ നോട് പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടറാണ് വി.പി. മുഹമ്മദലി.
ഇ. അഹമ്മദ് സാഹിബുമായി അഗാധമായ വ്യക്തിബന്ധമാണ് നില നിന്നിരുന്നത്. അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനായി നാട്ടുകാരുടേയും അക്കാലത്ത് നാട്ടിലുണ്ടായിരുന്ന, വോട്ടവകാശമുള്ള ചില പ്രവാസികളുടേയും അവരുടെ മുഴുവന്‍ ബന്ധുക്കളുടേയും സമ്മതിദാനം രേഖപ്പെടുത്തുന്നതിനായി അഭ്യര്‍ഥിക്കാനും ഞാനും എളിയ ശ്രമം നടത്തിയിരുന്നു.
ഒരിക്കലും മറക്കാന്‍ പറ്റാത്ത നേതാവാണ് അഹമ്മദ് സാഹിബ്. 2009 ഡിസംബര്‍ അവസാനം അദ്ദേഹം ഉംറ നിര്‍വഹിക്കാനെത്തിയപ്പോള്‍ മക്കയിലേക്ക് എന്നോടൊപ്പമാണ് വന്നത്. തിരികെ ഞങ്ങളുടെ ഫ്‌ളാറ്റിലെത്തി ഭക്ഷണം കഴിച്ച് സംസാരിക്കുന്നതിനിടെ ചില കെ.എം.സി.സി സുഹൃത്തുക്കളുടെ കൂടി സാന്നിധ്യത്തില്‍ വെറുതെ ഞാനൊരാവശ്യമുന്നയിച്ചതോര്‍ക്കുന്നു:
– അഹമ്മദ് സാഹിബേ, നമുക്ക് നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിച്ച് കൂടെ?
അപ്പോള്‍ തന്നെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സെക്രട്ടറി ഷെഫീഖിനോട് ഇക്കാര്യം നോട്ട് ചെയ്യാന്‍ അന്ന് റെയില്‍വെ സഹമന്ത്രിയായിരുന്ന അഹമ്മദ് സാഹിബ് ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ തീര്‍ച്ചയായും വേണ്ടത് ചെയ്യാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് തരുകയും ചെയ്തു. അത് വെറും ഉറപ്പായിരുന്നില്ലെന്ന് അഹമ്മദ് സാഹിബ് വൈകാതെ തെളിയിച്ചു. ഡല്‍ഹിയില്‍ മടങ്ങിയെത്തി രണ്ടാഴ്ചക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു: നിങ്ങളുടെ നാട്ടുകാര്‍ക്കിനി തിരുവനന്തപുരത്തേക്ക് തീവണ്ടിയില്‍ പോകാം.
ഏറെ അമ്പരപ്പോടെയും ആഹ്ലാദത്തോടെയുമാണ് ആ വാര്‍ത്ത കേട്ടത്. അദ്ദേഹത്തെ ഇക്കാര്യത്തിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല – മുഹമ്മദലി ഓര്‍ക്കുന്നു. പെട്ടെന്നാണ് ബജറ്റില്‍ ഈ പ്രൊപ്പോസല്‍ വെക്കുകയും അത് യാഥാര്‍ഥ്യമാവുകയും ചെയ്തത്. നാട്ടുകാര്‍ പലപ്പോഴായി മാറിമാറി വന്ന റെയില്‍വെ മന്ത്രിമാര്‍ക്കും സംസ്ഥാനമന്ത്രിമാര്‍ക്കും ഇക്കാര്യം പറഞ്ഞ് നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും എല്ലാം പൊടിപിടിച്ച് കിടക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് 66 കിലോമീറ്റര്‍ ദൂരമുള്ള പഴയകാലത്തെ ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വെ ലൈന്‍, നിലമ്പൂരില്‍ നിന്ന് തേക്ക് കടത്തുകയെന്ന ഉദ്ദേശ്യത്തോടെ നിര്‍മിച്ചതാണ്. ഇ. അഹമ്മദിന്റെ ഉല്‍സാഹത്തില്‍ വളരെ വേഗം ഇത് ലക്ഷ്യം കാണുകയും ആദ്യം കൊച്ചുവേളിയിലേക്കും പിന്നീട് തിരുവനന്തപുരം സെന്‍ട്രലിലേക്കും നിലമ്പൂരില്‍ നിന്ന് രാജ്യറാണി എക്‌സ്പ്രസ് ചൂളം വിളിച്ച് പായുകയും ചെയതത് ദക്ഷിണറെയില്‍വെയുടെ ചരിത്രത്തിലെ പുതിയ അധ്യായമായി.
കിഴക്കന്‍ ഏറനാട്ടിലെ ആയിരക്കണക്കിനാളുകള്‍ക്കാകട്ടെ, തെക്കന്‍ കേരളവുമായി റെയില്‍മാര്‍ഗം ബന്ധപ്പെടാന്‍ ഏറെ സഹായകവുകയും ചെയ്തു, രാജ്യറാണി എക്‌സ്പ്രസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 30 നാണ് ഈ ലൈന്‍ പൂര്‍ണമായും വൈദ്യുതീകരിക്കുകയും പാലക്കാട് ഡിവിഷന്റെ വൈദ്യുതീകരണം നൂറുശതമാനം ഇതോടെ പൂര്‍ത്തിയാവുകയും ചെയ്തത്.
– ഇതൊന്നും കാണാന്‍ പ്രിയനേതാവ് അഹമ്മദ് സാഹിബ് ഇല്ലാതെ പോയി. അദ്ദേഹത്തിന്റെ നല്ല കുറെ ഓര്‍മകള്‍ ഉണര്‍ത്തുന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. രാഹുല്‍ഗാന്ധിയുടെ ഉജ്വല വിജയത്തോടൊപ്പം ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭരണത്തിലേക്കുള്ള പ്രവേശനം കൂടിയാകട്ടെ ഈ നിര്‍ണായകമായ തെരഞ്ഞെടുപ്പെന്നും നാട്ടിലുള്ള ബന്ധുക്കളോട് അതിനായി കൈയ്‌മെയ് മറന്ന് പ്രവര്‍ത്തിക്കാനാവശ്യപ്പെടണമെന്നും വി.പി മുഹമ്മദലി പ്രവാസികളോടഭ്യര്‍ഥിച്ചു.