റിയാദ് – ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി റിയാദിലെ റെസ്‌റ്റോറന്റിനു മുന്നില്‍ കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ ദമ്പതികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ശഖ്‌റാ ആശുപത്രിയിലെ സര്‍ജനായ ഡോ. അബ്ദുല്‍ അസീസ് ഇദ്‌രീസും ശഖ്‌റായിലെ മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുന്ന ഭാര്യ ഡോ. അസ്മാ അഹ്മദുമാണ് ദാരുണമായി മരിച്ചത്.
കാറിന്റെ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വാതക ചോര്‍ച്ചയാണ് ദുരന്തത്തിന് കാരണം. ഷിഫ്റ്റുകള്‍ക്കിടയിലുള്ള ഒഴിവു സമയം പ്രയോജനപ്പെടുത്തി തലസ്ഥാനമായ റിയാദില്‍ ഒരു ദിവസം ചെലവഴിക്കാനെത്തിയതായിരുന്നു ദമ്പതികള്‍.
ഇന്നലെ വൈകുന്നേരം ശഖ്‌റായിലെ ഇസ്തിറാഹയില്‍ നടന്ന അനുശോചന ചടങ്ങില്‍ ദമ്പതികളുടെ പുരുഷ-വനിതാ സഹപ്രവര്‍ത്തകര്‍ പങ്കെടുത്തു. ദമ്പതികളുടെ വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.
ഡോ. അബ്ദുല്‍ അസീസ് ഇദ്‌രീസിന്റെയും ഡോ. അസ്മാ അഹ്മദിന്റെയും ഉയര്‍ന്ന ധാര്‍മികതയെയും ജോലിയോടുള്ള സമര്‍പ്പണത്തെയും സഹപ്രവര്‍ത്തകരോടും രോഗികളോടും ആദരവോടും വിനയത്തോടും കൂടി പെരുമാറിയതിനെയും സഹപ്രവര്‍ത്തകര്‍ പ്രശംസിച്ചു.