കണ്ണൂർ – പാനൂർ ബോംബ് സ്ഫോടന കേസിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് നേതൃത്വം ആവർത്തിക്കുന്നതിനിടെ റെഡ് വളണ്ടിയർ ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിലായി. സി.പി.എം റെഡ് വളണ്ടിയർ ക്യാപ്റ്റൻ അമൽ ബാബു, സജീവ സി.പി.എം പ്രവർത്തകൻ മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ബോംബ് നിർമ്മാണത്തിൻ്റെ സൂത്രധാരൻ, ഒളിവിൽ കഴിയുന്ന ഷിജാലിനെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കി.
കസ്റ്റഡിയിലുള്ള മിഥുൻ ബോംബ് നിർമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ്. സ്ഫോടനം നടന്ന സമയത്ത് അമൽ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയും കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
പാനൂർ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കി. പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിൻ്റെ പരിശോധന നടക്കുന്നത്. ശനിയാഴ്‌ച കണ്ണൂർ-കോഴിക്കോട് പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കേസിൽ അറസ്റ്റിലായ നാല് സിപിഎം പ്രവർത്തകരുമായി സ്ഫോടനം നടന്നയിടത്ത് പൊലീസ് തെളിവെടുപ്പ് നടത്തി
അതിനിടെ, സി.പി.എം നേതൃത്വത്തിന് അറിവില്ലെന്ന് പറയുമ്പോഴും പാനൂരിൽ
ബോംബ് നിർമ്മാണ ക്യാമ്പ് നടന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. പത്തു ദിവസത്തോളമായി ബോംബ് നിർമ്മാണത്തിൽ വൈദഗ്ധ്യം ഉള്ളവരടക്കം ഇവിടെയെത്തി നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നാണ് അറിയുന്നത്. നിർമാണ സ്ഥലത്ത് പത്ത് പേരുണ്ടായിരുന്നു.
നിർമ്മാണം പൂർത്തിയായ അത്യുഗ്ര സ്ഫോടകശേഷിയുള്ള 11 സ്റ്റീൽ ബോംബുകൾ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.നേരത്തെ നിർമ്മിച്ച ബോംബുകൾ ഇവിടെ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സംശയിക്കുന്നുണ്ട്.സംഭവത്തിൽ ഉന്നത തല ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. സ്റ്റീൽ ബോംബ് കണ്ടെത്തിയതോടെ തെളിയുന്നത് ‘ഭീകര പ്രവർത്തനം. പാർട്ടിക്ക് പങ്കില്ലെന്ന് പറയുന്നുണ്ടെങ്കിലും കേസിൽ യുഎപിഎ ചുമത്താൻ ഇതുവരെ തയ്യാറായിട്ടില്ല. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ വീട്ടിൽ സി.പി.എം പ്രാദേശിക നേതാക്കളായ സുധീർ കുമാർ, എ.അശോകൻ എന്നിവർ സന്ദർശിച്ചതും വിവാദമായിക്കഴിഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി ഇതിനെ തള്ളിപ്പറഞ്ഞപ്പോൾ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ സന്ദർശനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്.