ലണ്ടൻ – ഇസ്രായേൽ ഡ്രോൺ തന്റെ സഹപ്രവർത്തകനായ ഡോക്ടറെ വീടുവരെ പിന്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയതായി ഗാസയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ബ്രിട്ടീഷ് ഡോക്ടർ നദ അൽഹദീതി സ്കൈ ന്യൂസിനോട് വെളിപ്പെടുത്തി. ഗാസയിലെ സ്ഥിതി അതീവ നിരാശാജനകമാണെന്ന് അവർ വ്യക്തമാക്കി.
കൊല്ലപ്പെട്ട തന്റെ സഹപ്രവർത്തകൻ ക്ഷമാശീലനും സന്തോഷവാനും കഠിനാധ്വാനിയുമായിരുന്നുവെന്ന് ഡോ. നദ പറഞ്ഞു. അവരുടെയും മറ്റ് മെഡിക്കൽ ജീവനക്കാരുടെയും ദൃക്സാക്ഷി മൊഴികൾ പ്രകാരം, ഒരു ഇസ്രായേൽ ക്വാഡ്കോപ്റ്റർ ഫസ്റ്റ്-പേഴ്സൺ-വ്യൂ ഡ്രോൺ ഡോക്ടറെ അദ്ദേഹത്തിന്റെ വീടുവരെ പിന്തുടർന്നു. വഴിയിൽ തനിച്ചായിരുന്നപ്പോൾ അദ്ദേഹത്തെ കൊല്ലാതെ, ഡ്രോൺ ഓപ്പറേറ്റർ അദ്ദേഹം തന്റെ തമ്പിൽ എത്തുന്നതുവരെ കാത്തിരുന്നു. ഡോക്ടർ തന്റെ മൂന്ന് കുട്ടികളെ അഭിവാദ്യം ചെയ്തയുടൻ ഡ്രോൺ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തി.
ഗാസയിൽ ജോലി ചെയ്യുമ്പോൾ മെലിഞ്ഞ കുട്ടികളെ താൻ പതിവായി കണ്ടിരുന്നതായി ഡോ. നദ വെളിപ്പെടുത്തി. എക്സെറ്ററിന്റെ വലിപ്പത്തിൽ ഉള്ള ഒരു പ്രദേശത്ത് 20 ലക്ഷം ആളുകൾ പട്ടിണിയിലാണ്. “വെള്ളമോ, ശുചിത്വമോ, ഭക്ഷണമോ, വൈദ്യസഹായമോ ഇല്ലാതെ 20 ലക്ഷം പേർ ജീവിക്കുന്നു. ഇത്രയും മാന്യരും പ്രതിബദ്ധതയുള്ളവരുമായ ആളുകളെ ഞാൻ മുമ്പ് കണ്ടിട്ടില്ല,” ഗാസയിലെ ഉപരോധിക്കപ്പെട്ട ആരോഗ്യമേഖലയിലെ ഫലസ്തീൻ സഹപ്രവർത്തകരെ പ്രശംസിച്ചുകൊണ്ട് അവർ പറഞ്ഞു.
തമ്പിനു സമീപം ഇസ്രായേൽ ബോംബ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആറ് മാസം ഗർഭിണിയായ 21 വയസ്സുള്ള യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. അവളുടെ ഭർത്താവ് കൊല്ലപ്പെട്ടു, ഒരു കണ്ണ് നഷ്ടപ്പെട്ടു, തുറന്ന ഒടിവുകൾ ഉണ്ടായി, രണ്ട് കാലുകളും പൂർണമായി തകർന്നു. “ഈ യുവതി പൂർണമായി ക്ഷീണിതയാണ്. വിറ്റാമിനുകളോ ഭക്ഷണമോ ലഭിക്കുന്നില്ല. ഒരു ദിവസം അവളുടെ കുഞ്ഞ് ചലനം നിർത്തി,” ഡോ. നദ വിവരിച്ചു.
ഗാസയിൽ ഒരു സ്കൂൾ ക്ലാസ്മുറിയിലെ കുട്ടികളുടെ എണ്ണത്തിന് തുല്യമായ കുട്ടികൾ ദിനംപ്രതി മരിക്കുന്നു. നിരവധി ആരോഗ്യപ്രവർത്തകർ പൊതുജനങ്ങളോടൊപ്പം പട്ടിണി അനുഭവിക്കുന്നു. മൂന്നാഴ്ചത്തെ ജോലിക്കിടെ, പട്ടിണിയുടെ അളവിലും രോഗികളുടെ ക്ഷീണത്തിലും വ്യക്തമായ വർധനവ് ശ്രദ്ധിച്ചതായി ഡോ. നദ പറഞ്ഞു. “ബോംബിംഗിന്റെ തീവ്രതയും അനിയന്ത്രിതത്വവും അത്യന്തം ഭയാനകമാണ്. കൂട്ടക്കൊലകൾക്ക് പിന്നാലെ വീണ്ടും കൂട്ടക്കൊലകൾ. ഗ്രീൻ സോണുകളായിരിക്കേണ്ട തമ്പുകളിൽ ബോംബാക്രമണം നടത്തി ആളുകളെ കൊലപ്പെടുത്തുന്നു. സ്ഥിതി വിനാശകരമാണ്,” അവർ കൂട്ടിച്ചേർത്തു.