ബെംഗളൂരു: വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസില്‍ 34-കാരനായ രേവണ്ണ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ഇന്നലെ വിധിച്ചിരുന്നു.
രേവണ്ണ കുടുംബത്തിന്റെ ഹാസന്‍ ജില്ലയിലെ ഹൊളെനരസിപുരയിലെ ഫാംഹൗസില്‍ വെച്ച് 48-കാരിയായ വീട്ടുജോലിക്കാരിയെ 2021-ല്‍ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പ്രജ്വല്‍ രേവണ്ണ ഇത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തതായും ആരോപണമുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഹാസനില്‍ 2,000-ലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഈ ലൈംഗിക പീഡന വിവാദം പുറത്തുവന്നത്. ഇതില്‍ പ്രജ്വല്‍ ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി കാണിച്ചിരുന്നു.
തന്റെ ഏക തെറ്റ് രാഷ്ട്രീയത്തില്‍ പെട്ടന്ന് വളര്‍ന്നതാണെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പ്രജ്വല്‍ രേവണ്ണ കോടതിയില്‍ വാദിച്ചു. എന്നാല്‍, പ്രോസിക്യൂഷന്‍ അദ്ദേഹത്തിന്റെ ‘സാഡിസ്റ്റിക് മനോഭാവവും’ ഗുരുതരമായ കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി ജീവപര്യന്തം ശിക്ഷക്കായി വാദിച്ചിരുന്നു.