ജിദ്ദ ∙ ഗാസയിലെ മാനുഷിക പ്രതിസന്ധിയും ഇസ്രായേലിന്റെ കർശന നിയന്ത്രണങ്ങളും മൂലമുണ്ടായ അതൃപ്തി, ഇസ്രായേലിന്റെ സഖ്യകക്ഷികളായ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പ്രേരിപ്പിക്കുന്നു. 2024 മെയിൽ സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ഈ മൂന്ന് രാജ്യങ്ങൾ ഈ നീക്കത്തെ എതിർത്തിരുന്നു, ഇത് ഗാസയിലെ പ്രതിസന്ധി പരിഹരിക്കാൻ സഹായകമല്ലെന്ന് വിലയിരുത്തി. എന്നാൽ, മാർച്ചിൽ വെടിനിർത്തൽ അവസാനിപ്പിച്ചതിനു ശേഷം ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുടെ പ്രവേശനത്തിന് ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രതിസന്ധി രൂക്ഷമാക്കിയതോടെ, ഈ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ചകൾ ആരംഭിച്ചു.


ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിന് പാരിതോഷികമായി കാണപ്പെടുമെന്നും, ഇത് ഇസ്രായേലുമായും അമേരിക്കയുമായുമുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും മൂന്ന് രാജ്യങ്ങൾ ആദ്യം ആശങ്കപ്പെട്ടിരുന്നു. എന്നാൽ, ഗാസയിലെ പട്ടിണിയും വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ ആക്രമണങ്ങളും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകളെ ദുർബലപ്പെടുത്തുന്നതായി കണ്ടതോടെ, മനോഭാവം മാറി. 2025 ജൂലൈ 24-ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സെപ്റ്റംബറിലെ യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീനെ അംഗീകരിക്കുമെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, വെടിനിർത്തലും ശാശ്വത സമാധാന പദ്ധതിയും ഇല്ലെങ്കിൽ സെപ്റ്റംബറിൽ ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രാൻസിന്റെയും ബ്രിട്ടന്റെയും നീക്കത്തെ പിന്തുണച്ച്, മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി.
ഫ്രാന്‍സും സൗദി അറേബ്യയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങളെ പ്രേരിപ്പിക്കാനുള്ള പദ്ധതി വികസിപ്പിച്ചെടുത്തു. ജൂണില്‍ നടക്കാനിരുന്ന യു.എന്‍ സമ്മേളനത്തില്‍ തങ്ങളുടെ നിര്‍ദേശം അംഗീകരിക്കണമെന്ന് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇറാനെതിരായ ഇസ്രായില്‍ വ്യോമാക്രമണവും യു.എസ് നയതന്ത്ര സമ്മര്‍ദവും കാരണം യോഗം മാറ്റിവെച്ചു. ഇറാന്‍-ഇസ്രായില്‍ യുദ്ധം പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്നുള്ള ഇസ്രായിലിനെതിരായ പരസ്യ വിമര്‍ശനത്തെ തടഞ്ഞു. പക്ഷേ, ചര്‍ച്ചകള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ തുടര്‍ന്നു. മാക്രോണും കാര്‍ണിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഫോണിലൂടെയും ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഈ വിഷയവുമായി ബന്ധമുള്ള കനേഡിയന്‍ വൃത്തങ്ങള്‍ പറഞ്ഞു.


ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ ഏകപക്ഷീയമായ നടപടി സ്വീകരിക്കാന്‍ കാനഡ മടിച്ചിരുന്നു. ഏതൊരു നീക്കത്തിനും പരമാവധി സ്വാധീനം ഉറപ്പാക്കാന്‍ ബ്രിട്ടന്‍ ആഗ്രഹിച്ചു. മാക്രോണ്‍ കൂടുതല്‍ സുധീരമായ നിലപാട് സ്വീകരിച്ചു. പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ആശങ്ക വളര്‍ത്തിയതോടെയും, ഗാസയിലെ ഇസ്രായിലി സൈനിക നടപടിയും വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളും പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക വര്‍ധിപ്പിച്ചതോടെയുമാണ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ മൂന്നു രാജ്യങ്ങളും മുന്നോട്ടുവന്നത്.
സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ജൂലൈ 24 ന് മാക്രോണ്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചു. അന്ന് ബ്രിട്ടനും കാനഡയും ഇത് പിന്തുടര്‍ന്നില്ല. മാക്രോണിന്റെ പ്രഖ്യാപനത്തിന് ഒരു സ്വാധീനവുമില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍, മറ്റ് രാജ്യങ്ങള്‍ ഈ പാത പിന്തുടര്‍ന്നാല്‍ നയതന്ത്രപരമായ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്‌കോട്ട്ലന്‍ഡില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് രണ്ട് ദിവസം മുമ്പ്, ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള സുസ്ഥിരമായ പാതയെ കുറിച്ച് മാക്രോണ്‍ സ്റ്റാര്‍മറുമായും ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായും സംസാരിച്ചതായി സ്റ്റാര്‍മറിന്റെ വക്താവ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്ന് വ്യക്തമായി പ്രസ്താവിച്ചില്ലെങ്കിലും ഗാസയെ സഹായിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യകത സ്റ്റാര്‍മര്‍ ട്രംപിനോട് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നീക്കങ്ങളെ യു.എസ് പ്രസിഡന്റ് വിമര്‍ശിക്കുകയും അവയെ ഹമാസിനുള്ള പാരിതോഷികം എന്ന് വിളിക്കുകയും ചെയ്തിരുന്നു.


ട്രംപ് ബ്രിട്ടനില്‍ ഗോള്‍ഫ് കോഴ്‌സ് തുടരുന്നതിനിടെ ചൊവ്വാഴ്ച ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാര പദ്ധതിക്ക് അംഗീകാരം നേടാനായി സ്റ്റാര്‍മര്‍ വേനല്‍ക്കാല അവധിയില്‍ ബ്രിട്ടീഷ് മന്ത്രിസഭ വിളിച്ചുകൂട്ടി. വെടിനിര്‍ത്തലും ശാശ്വത സമാധാന പദ്ധതിയും ഉണ്ടായില്ലെങ്കില്‍ സെപ്റ്റംബറില്‍ ബ്രിട്ടന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.
മാക്രോണിനെപ്പോലെ, സ്റ്റാര്‍മറും പരസ്യ പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഇതേ കുറിച്ച് കാര്‍ണിക്ക് വിവരം നല്‍കി. ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടനും ഫ്രാന്‍സും അംഗീകരിച്ചുകഴിഞ്ഞാല്‍ ആ പാത പിന്തുടരാന്‍ നിര്‍ബന്ധിതരാകുമെന്ന് കാനഡയും വിശ്വസിച്ചു. മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണെന്നും അതിന് നേതൃത്വം നല്‍കാന്‍ കാനഡ തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും മാക്രോണിന്റെ പ്രഖ്യാപനത്തിന് ആറ് ദിവസത്തിന് ശേഷം കാര്‍ണി ബുധനാഴ്ച പറഞ്ഞു.
മൂന്ന് രാജ്യങ്ങളുടെയും നീക്കം പ്രായോഗികമായി വലിയ മാറ്റമൊന്നും വരുത്തില്ല. യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ ഇതിനെ നിരാകരിച്ചു. ജി-7 ലെ മറ്റ് പ്രധാന യു.എസ് സഖ്യകക്ഷികളായ ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവ ഈ പാത പിന്തുടരുമെന്ന് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മുക്കാല്‍ ഭാഗവും ഇതിനകം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, യു.എന്‍ രക്ഷാ സമിതിയില്‍ വീറ്റോ അധികാരമുള്ള അമേരിക്കയുടെ എതിര്‍പ്പ്, യു.എന്നിന് ഫലസ്തീനെ പൂര്‍ണ അംഗമായി അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അര്‍ഥമാക്കുന്നത്.


അതേസമയം, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സന്നദ്ധത ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ് പ്രകടിപ്പിച്ചു. ഗാസയിലെ സാഹചര്യം മനുഷ്യത്വരഹിതമാണെന്നും ഗൗരവമേറിയ രാഷ്ട്രീയ നടപടി ആവശ്യമാണെന്നും ഫിന്നിഷ് പ്രസിഡന്റ് പറഞ്ഞു. ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ എന്നിവ അടുത്തിടെ പ്രഖ്യാപിച്ച തീരുമാനങ്ങള്‍ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫലസ്തീനെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര പ്രവണതയെ പിന്തുണക്കുന്നതായി എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ സ്റ്റബ് പറഞ്ഞു. ഫലസ്തീനെ അംഗീകരിക്കാനുള്ള നിര്‍ദേശം സര്‍ക്കാറില്‍ നിന്ന് എനിക്ക് ലഭിച്ചാല്‍, ഞാന്‍ അതിന് സമ്മതിക്കാന്‍ തയ്യാറാണ്. ഈ നടപടിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും ആഭ്യന്തര ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ തുറന്നതും സത്യസന്ധവുമായ ഫിന്നിഷ് സംവാദത്തിന് പ്രസിഡന്റ് ആഹ്വാനം ചെയ്തു.
തീവ്ര വലതുപക്ഷ ഫിന്‍സ് പാര്‍ട്ടിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ഫലസ്തീനെ അംഗീകരിക്കുന്നതിനെ എതിര്‍ക്കുന്നു. അതേസമയം, പ്രധാനമന്ത്രി പെറ്റേരി ഓര്‍പോ വെള്ളിയാഴ്ച ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള തന്റെ രാജ്യത്തിന്റെ പിന്തുണ വ്യക്തമാക്കി. അടുത്ത സെപ്റ്റംബര്‍ അവസാനം യു.എന്‍ ജനറല്‍ അസംബ്ലി ചേരുന്നതു വരെ വിദേശനയത്തെ കുറിച്ചുള്ള കൂടിയാലോചനകള്‍ പ്രസിഡന്റുമായി തുടരുമെന്നും ഇതിലൂടെ വ്യക്തമായ നിലപാട് ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഓര്‍പോ വിശദീകരിച്ചു.