ഒട്ടാവ – സെപ്തംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഭരണരംഗത്ത് മൗലികമായ പരിഷ്‌കാരങ്ങൾ, ഹമാസിൻ്റെ പങ്കാളിത്തമില്ലാതെ 2026 ൽ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും ഫലസ്തീൻ അതോറിറ്റി ഉറപ്പുനൽകണമെന്ന വ്യവസ്ഥയിലാണ് കാനഡയുടെ പ്രഖ്യാപനം.
എന്നാൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിനുള്ള പാരിതോഷികമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കാർണിയുടെ പ്രഖ്യാപനം മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മറുപടി നൽകിയില്ല.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനത്തെ ഇസ്രായിൽ വിദേശ മന്ത്രാലയം അപലപിച്ചു. കനേഡിയൻ സർക്കാരിന്റെ ഈ നിലപാട് ഹമാസിനുള്ള പാരിതോഷികമാണെന്നും ഗാസയിൽ വെടിനിർത്തൽ നേടാനുള്ള ശ്രമങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇസ്രായിൽ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സെപ്തംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസും ബ്രിട്ടനും മാൾട്ടയും കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.



