ജിദ്ദ – ഗാസയില്‍ പട്ടിണിയില്ല എന്ന നെതന്യാഹുവിന്റെ വാദത്തെ താന്‍ പിന്തുണക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ടെലിവിഷനില്‍ കാണിക്കുന്നത് അനുസരിച്ച്, കുട്ടികള്‍ കടുത്ത പട്ടിണിയിലാണെന്ന് തോന്നുന്നു. കുട്ടികള്‍ക്ക് ഉടന്‍ ഭക്ഷണം നല്‍കുകയും സുരക്ഷിതത്വം നല്‍കുകയും വേണം – ഗാസയില്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ട്രംപ് പറഞ്ഞു.
ഗാസയിലെ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നും ട്രംപ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ ഗാസക്ക് പണം നല്‍കി, ആരും ഞങ്ങളോട് നന്ദി പറഞ്ഞില്ല. മറ്റ് രാജ്യങ്ങള്‍ ഗാസക്ക് കൂടുതല്‍ സഹായം നല്‍കണം – സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശന വേളയില്‍ ട്രംപ് പറഞ്ഞു. ഗാസ മുനമ്പിലെ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ട്രംപ് സമ്മതിച്ചു. ഗാസയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കണമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് താന്‍ പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗാസ യുദ്ധം അവസാനിപ്പിക്കാനും ഗാസയിലേക്ക് സഹായം അനുവദിക്കാനും എല്ലാ ശ്രമങ്ങളും നടത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി അഭ്യര്‍ഥിച്ചു. പ്രസിഡന്റ് ട്രംപിനോട് ഞാന്‍ ഒരു പ്രത്യേക അഭ്യര്‍ഥന നടത്തുന്നു. കാരണം, അദ്ദേഹത്തിന്റെ കഴിവുകളെയും നിലപാടുകളെയും ഞാന്‍ വ്യക്തിപരമായി വിലമതിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനും ഗാസയിലേക്ക് സഹായം അനുവദിക്കാനും കഴിവുള്ള ആളാണ് അദ്ദേഹം. ദയവായി യുദ്ധം അവസാനിപ്പിക്കാനും ഗാസയിലേക്ക് സഹായം പ്രവേശിപ്പിക്കാനും എല്ലാ ശ്രമങ്ങളും നടത്തുക. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു – ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
അടുത്തിടെ ഒപ്പുവെച്ച ഉഭയകക്ഷി വ്യാപാര കരാര്‍ മുതല്‍ ഗാസയിലെ വഷളാകുന്ന പട്ടിണി പ്രതിസന്ധി വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പടിഞ്ഞാറന്‍ സ്‌കോട്ട്ലന്‍ഡിലെ അദ്ദേഹത്തിന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ സ്വീകരിച്ചു.