മക്ക – പ്രവാചകന്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായന വഴിയിലെ പ്രധാന ഇടത്താവളമായ സൗര്‍ ഗുഹ സന്ദര്‍ശനം എളുപ്പമാക്കാന്‍ മോണോറെയില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് വെളിപ്പെടുത്തി. രണ്ട് മണിക്കൂറിലേറെ നേരം നടക്കുന്നതിന് പകരം, മൂന്ന് മിനിറ്റിനുള്ളില്‍ സൗര്‍ ഗുഹയിലേക്ക് കയറാന്‍ അവസരമൊരുക്കുന്ന മോണോറെയില്‍ പദ്ധതി നടപ്പാക്കുകയെന്ന പുതിയ ആശയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൗര്‍ ഗുഹയിലേക്ക് ഏര്‍പ്പെടുത്തുന്ന മോണോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുര്‍ക്കി ആലുശൈഖ് പുറത്തുവിട്ടു.
പ്രവാചകന്റെ മക്കയില്‍ നിന്നുള്ള മദീനയിലേക്കുള്ള പലായനം (ഹിജ്‌റ) നേരിട്ട് അനുഭവിച്ചറിയാന്‍ ലോക മുസ്‌ലിംകള്‍ക്ക് അവസരമൊരുക്കി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നടപ്പാക്കുന്ന അലാ ഖുതാഹ് (പ്രവാചകന്റെ കാലടിപ്പാടുകള്‍- ഓണ്‍ ഹിസ് ഫൂട്ട്‌സ്റ്റെപ്പ്‌സ്) എന്ന പദ്ധതിയുടെ ഭാഗമായാണ് സൗര്‍ ഗുഹയിലേക്ക് മോണോറെയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഹിജ്‌റ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പുനല്‍കുന്ന നൂതന ഗതാഗത രീതികള്‍ ഉപയോഗിക്കും.
ഹിജ്‌റ അനുഭവിച്ചറിയാനുള്ള ലോക മുസ്‌ലിംകളില്‍ നിന്നുള്ള അപേക്ഷകള്‍ പത്തു ലക്ഷം കവിഞ്ഞതായി തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഹിജ്‌റ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി അടുത്ത നവംബറില്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം മൂന്നു ലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഹിജ്‌റ യാത്രയുടെ അനുഭവ ഗുണനിലവാരവും സന്ദര്‍ശക സുരക്ഷയും ഉറപ്പാക്കുന്നതിന് കര്‍ശനമായ ക്രമീകരണങ്ങളോടെയാണ് യാത്രകള്‍ സംഘടിപ്പിക്കുക. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം അമ്പതു ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഹിജ്‌റ പാതയിലെ പരുക്കന്‍ ഭൂപ്രകൃതിയില്‍ സഞ്ചരിക്കാന്‍ ഫോര്‍-വീല്‍-ഡ്രൈവ് ബസുകള്‍ ഏര്‍പ്പെടുത്തും. ഇത് സന്ദര്‍ശകരുടെ സഞ്ചാരം എളുപ്പമാക്കുകയും സുഖകരമായ അനുഭവം നല്‍കുകയും ചെയ്യുമെന്ന് തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
ഓണ്‍ ഹിസ് ഫൂട്ട്സ്റ്റെപ്സ് പദ്ധതി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട സംവേദനാത്മക സംരംഭങ്ങളില്‍ ഒന്നാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലെ ചരിത്രപരവും മാനുഷികവുമായ മഹത്തായ മൂല്യങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്ന നിലക്ക് ആധുനിക സാങ്കേതികവിദ്യകളിലൂടെയും യാഥാര്‍ അനുഭവങ്ങളിലൂടെയും പ്രവാചകന്റെ പലായന പാതയെ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു. ഹിജ്‌റ പാതയിലെ പ്രധാന കേന്ദ്രങ്ങളുമായും അവയുടെ ആത്മീയവും ചരിത്രപരവുമായ അര്‍ഥങ്ങളുമായും സംവദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്ന സവിശേഷവും സംയോജിതവുമായ അനുഭവത്തിലൂടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായന പാതയെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇസ്‌ലാമിക ചരിത്രത്തില്‍ ഹിജ്‌റയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം പദ്ധതി വര്‍ധിപ്പിക്കും. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ആധുനിക സാങ്കേതികവിദ്യകളും ബൗദ്ധിക സമ്പുഷ്ടീകരണവും സംയോജിപ്പിക്കുന്ന അഭൂതപൂര്‍വമായ അനുഭവം പദ്ധതി പ്രദാനം ചെയ്യും.
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിനിടെ പ്രവാചകനും അനുചരനായ അബൂബക്കര്‍ സിദ്ദീഖും കടന്നുപോയ 450 കിലോമീറ്ററിലേറെ ദൂരമുള്ള അതേ പാതയിലൂടെ ഹിജ്‌റ യാത്ര ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ പൂര്‍ണാര്‍ഥത്തില്‍ നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് പദ്ധതി ലോക മുസ്‌ലിംകള്‍ക്ക് നല്‍കുന്നത്. പദ്ധതി പ്രയോജനപ്പെടുത്താന്‍ മലേഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നതെന്ന് തുര്‍ക്കി ആലുശൈഖ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.