ദോഹ– കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അവസരം ഒരുക്കി ഖത്തർ ട്രാഫിക് വിഭാഗം. ഇന്ന് മുതൽ (2025 ജൂലൈ 27) 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹന ഉടമകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
2007 ലെ ട്രാഫിക് നിയമ നമ്പർ (19) ലെ ആർട്ടിക്കിൾ (11) ൽ അനുശാസിക്കുന്ന നിയമപരമായ കാലയളവ് കഴിഞ്ഞ രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളുടെ ഉടമകൾക്കാണ് ഈ നിർദ്ദേശം. ഈ നിയമം അനുസരിച് വാഹന രജിസ്‌ട്രേഷൻ കഴിഞ്ഞാൽ മുപ്പത് ദിവസത്തിനകം അത് പുതുക്കാനുള്ള അപേക്ഷ നൽകണം. ഖത്തറിൽ ഓരോ വർഷവും വാഹനങ്ങൾ ഫിറ്റ്നസ് പരിശോധന നടത്തി രജിസ്‌ട്രേഷൻ പുതുക്കണമെന്നാണ് നിയമം. സമയ പരിധി കഴിഞ്ഞിട്ടും വാഹന രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹന ഉടമകൾക്കാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വാഹനങ്ങളുടെ രേഖകൾ ശരിപ്പെടുത്താൻ ട്രാഫിക് വിഭാഗം ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്.
ഈ സമയ പരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കാത്ത വാഹനങ്ങൾ നിയമനടപടികൾക്ക് വിധേയമാകുമെന്നും അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും എല്ലാ വാഹനങ്ങളും രാജ്യത്തിന്റെ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഒരു മാസത്തെ ഇളവ് പ്രഖ്യാപിച്ചത്.