റിയാദ്: ശരീരം ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച സിറിയൻ സയാമിസ് ഇരട്ടകളായ സെലീനയെയും എലീനയെയും റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടത്തിയ സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി. റോയൽ കോർട്ട് ഉപദേഷ്ടാവും സയാമിസ് ഇരട്ടകൾക്കുള്ള വേർപ്പെടുത്തൽ ശസ്ത്രക്രിയകളുടെ സൗദി മെഡിക്കൽ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ ആറ് ഘട്ടങ്ങളിലായി ഒൻപത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്.
സെലീനയും എലീനയും ഉൾപ്പെടെ മൂന്ന് കുട്ടികളുള്ള സിറിയൻ കുടുംബം ലെബനനിൽ അഭയാർഥികളായിരുന്നുവെന്ന് ഡോ. അൽ റബീഅ വ്യക്തമാക്കി. സയാമിസ് ഇരട്ടകളായ രണ്ട് പെണ്‍കുട്ടികളും ആരോഗ്യവാനായ ഒരു ആണ്‍കുട്ടിയും അടക്കം മൂന്ന് കുട്ടികളെയാണ് അവരുടെ അമ്മ ഗര്‍ഭം ധരിച്ചത്. 2024 ഫെബ്രുവരി 28 ന് ബെയ്‌റൂത്തിലെ റഫീഖ് ഹരീരി ആശുപത്രിയില്‍ സിസേറിയന്‍ വഴിയാണ് കുട്ടികള്‍ ജനിച്ചത്. സയാമിസ് ഇരട്ടകള്‍ക്ക് ഒരു വര്‍ഷവും അഞ്ചു മാസവും പ്രായമുണ്ടെന്നും ആകെ 14 കിലോഗ്രാം ഭാരമുണ്ടെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
2024 ഡിസംബർ 29-ന് വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ കുട്ടികളും മാതാപിതാക്കളും സൗദി അറേബ്യയിലെത്തി. നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഇരട്ടകളെ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനകളിൽ, കുട്ടികൾ നെഞ്ചിന്റെ താഴ്ഭാഗത്തും വയറ്റിലും ഒട്ടിചേർന്നിരിക്കുന്നതായും പെരികാർഡിയവും കരളും പങ്കിടുന്നതായും കുടൽ പങ്കിടാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, ചർമം വികസിപ്പിക്കാൻ മെഡിക്കൽ ബലൂണുകൾ ഉപയോഗിച്ച് ചർമ വികാസ ശസ്ത്രക്രിയ നടത്തി, ഇത് വേർപ്പെടുത്തൽ ശസ്ത്രക്രിയയ്ക്കു ശേഷം മുറിവുകൾ മറയ്ക്കാൻ സഹായിച്ചു.
അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിംഗ് സ്പെഷ്യാലിറ്റികൾ എന്നിവയിലെ കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സുമാർ, ടെക്നിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന 24 അംഗ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സിറിയയിൽ നിന്നുള്ള സയാമിസ് ഇരട്ടകളെ വേർപ്പെടുത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ 35 വർഷത്തിനിടെ, സൗദി മെഡിക്കൽ സംഘം 150 സയാമിസ് ഇരട്ടകളുടെ കേസുകൾ പഠിച്ച് വിലയിരുത്തിയിട്ടുണ്ട്. സൗദി സയാമിസ് വേർപ്പെടുത്തൽ പ്രോഗ്രാമിന്റെ ഭാഗമായി 27 രാജ്യങ്ങളിൽ നിന്നുള്ള 65 ഇരട്ടകളെ ഇതിനോടകം വേർപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ കൂട്ടിച്ചേർത്തു.