തെല്‍അവീവ് – വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പ്രതികരണമായി വിദേശങ്ങളിലുള്ള ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കി. ഗാസ മുനമ്പിലെ വംശഹത്യക്കും പട്ടിണിക്കും എതിരെ ലോകത്ത് വ്യാപകമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടെ, ഹമാസ് നേതാക്കള്‍ വെടിനിര്‍ത്തല്‍ കരാര്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിക്കുന്ന തിരക്കിലാണ് ഇസ്രായില്‍. ചര്‍ച്ചകള്‍ക്ക് പകരം നിരവധി ഓപ്ഷനുകള്‍ അവലംബിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെടുത്തിയതില്‍ ഹമാസിനെ ഖേദിപ്പിക്കുന്ന നിരവധി ശിക്ഷകളെ കുറിച്ചാണ് ഇസ്രായില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് മാധ്യമ വിദഗ്ധര്‍ സ്ഥിരീകരിച്ചു.
ഖത്തറിലും മറ്റിടങ്ങളിലും താമസിക്കുന്ന പ്രമുഖ ഹമാസ് നേതാക്കളുടെ വധം, ഗാസ വീണ്ടും പൂര്‍ണമായും അധിനിവേശം നടത്തുന്ന ഘട്ടത്തിലേക്ക് പോരാട്ടം വര്‍ധിപ്പിക്കല്‍, ഇസ്രായില്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ മേലുള്ള പിടി കൂടുതല്‍ കര്‍ശനമാക്കല്‍ എന്നിവ ഈ ശിക്ഷകളില്‍ ഉള്‍പ്പെടാമെന്ന് ഇസ്രായില്‍ പത്രമായ യെദിയോത്ത് അഹ്റോനോത്ത് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥരായ അമേരിക്കയും ഈജിപ്തും ഖത്തറും സംയുക്തമായി നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ കരാറിനെ താന്‍ പിന്തുണച്ചെന്നും ഹമാസ് അത് നിരാകരിച്ചെന്നും നെതന്യാഹു പറഞ്ഞു.
ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെടുത്തിയത് ഹമാസാണെന്ന് പ്രഖ്യാപിച്ചത് മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫാണ്. ഈ സാഹചര്യത്തില്‍ തങ്ങളും അമേരിക്കക്കാരും മറ്റ് നടപടികള്‍ പരിഗണിക്കുകയാണെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇതുവരെ ചെയ്തിട്ടില്ലാത്ത എന്തു പ്രതികാരമാണ് ഗാസയില്‍ ഇനി ചെയ്യാന്‍ കഴിയുകയെന്ന് ഹാരെറ്റ്‌സ് കോളമിസ്റ്റ് ഡാനിയേല്‍ ബെല്‍റ്റ്മാന്‍ ചോദിച്ചു? വിനാശകരമായ ബോംബാക്രമണം, കൂട്ടക്കൊല, സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ നാശം എന്നിവ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്. ഗാസയിലെ ഭയാനകമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ഇസ്രായിലി യാഥാര്‍ഥ്യത്തില്‍ അപകടകരമായ ഒരു പ്രവണത വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡാനിയേല്‍ ബെല്‍റ്റ്മാന്‍ പറഞ്ഞു.
2024 ജൂണില്‍, ചരിത്രകാരനായ ഡോ. ലീ മൊര്‍ദെഖായ് ഇരുമ്പ് വാള്‍ യുദ്ധത്തിലേക്കുള്ള സാക്ഷ്യം എന്ന പേരില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. യുദ്ധക്കുറ്റകൃത്യങ്ങളായും വംശഹത്യയായും കണക്കാക്കാവുന്ന ഗാസയിലെ ഇസ്രായിലിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള വ്യവസ്ഥാപിതവും വിപുലവുമായ രേഖകള്‍ റിപ്പോര്‍ട്ട് നല്‍കുന്നു. സാക്ഷി മൊഴികള്‍, ഉപഗ്രഹ ചിത്രങ്ങള്‍, ഫോട്ടോഗ്രാഫിക് രേഖകള്‍, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍, ഇസ്രായിലി സൈനികരില്‍ നിന്നും സ്ഥലത്തെ സാക്ഷികളില്‍ നിന്നുമുള്ള നിരവധി സാക്ഷി മൊഴികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
നിരായുധരായ സാധാരണക്കാരുടെ കൂട്ടക്കൊല, അഭയാര്‍ഥി ക്യാമ്പുകളില്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍, ആരോഗ്യ സംരക്ഷണം തേടുന്നവരുടെ കൊലപാതകം, ആളുകളെ പട്ടിണിക്കിടല്‍, ആശുപത്രികള്‍, ഡീസലൈനേഷന്‍ പ്ലാന്റുകള്‍, വൈദ്യുതി നിലയങ്ങള്‍, സര്‍വകലാശാലകള്‍, പള്ളികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നാശം, പതിനായിരക്കണക്കിന് മരണങ്ങള്‍, കൂട്ട പട്ടിണി എന്നിവയും റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.
ഡോക്യുമെന്റേഷനു പുറമേ, ഗാസയില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന ഇസ്രായിലി രാഷ്ട്രീയക്കാര്‍, റബ്ബികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഡസന്‍ കണക്കിന് പരസ്യപ്രസ്താവനകളുടെ വിശകലനം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് വംശഹത്യ നടത്താനുള്ള ഉദ്ദേശ്യത്തിന്റെ തെളിവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്തത് എന്താണ്? നിങ്ങള്‍ എല്ലാം പരീക്ഷിച്ചു. നിങ്ങള്‍ വീണ്ടും വധഭീഷണിയിലേക്ക് പോകുകയാണോ? – ഡാനിയേല്‍ ബെല്‍റ്റ്മാന്‍ ചോദിക്കുന്നു.
മാര്‍ച്ച് 2 ന് ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യുദ്ധം പുനരാരംഭിച്ചതിനുശേഷം, വെടിനിര്‍ത്തല്‍ നിബന്ധനകള്‍ മെച്ചപ്പെടുത്താനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കരാര്‍ ഒപ്പുവെക്കാന്‍ പുതിയ പ്രതിബന്ധങ്ങള്‍ മുന്നോട്ടുവെക്കുന്നു. അതിനാല്‍ കരാര്‍ ഒപ്പുവെക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്രായിലിനാണ്. എന്നാല്‍ ഹമാസിനെ കുറ്റപ്പെടുത്താന്‍ അമേരിക്കക്കാരെ ഇസ്രായില്‍ പ്രേരിപ്പിക്കുകയാണ്. പതിയിരുന്ന് ആക്രമണം നടത്താനും ഒഴികഴിവുകള്‍ പറയാനും ഹമാസിന് വെടിനിര്‍ത്തല്‍ കരാറില്‍ താല്‍പ്പര്യമില്ലെന്ന് അവകാശപ്പെടാനും ഇസ്രായില്‍ ശ്രമിക്കുന്നു.
സര്‍ക്കാരിന്റെ നിലപാട് നിരാകരിച്ചും, ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദി കൈമാറ്റ കരാര്‍ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ടും ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങള്‍ വ്യാഴാഴ്ച വൈകുന്നേരം തെല്‍അവീവില്‍ പ്രകടനം സംഘടിപ്പിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്ന് ഇസ്രായിലി ചര്‍ച്ചാ സംഘത്തെ തിരിച്ചുവിളിച്ചതിലും വധഭീഷണികളിലും അവര്‍ പ്രതിഷേധിച്ചു.