ന്യൂദല്‍ഹി – ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക സ്വാതന്ത്ര്യ സമര കാലത്തെ മുസ്ലീം ലീഗിന്റെ ചിന്തകള്‍ നിറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യ സമര കാലത്ത് മുസ്ലീം ലീഗില്‍ ഉണ്ടായിരുന്ന അതേ ചിന്താധാരയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നതെന്ന് നരേന്ദ്ര മോഡി ആരോപിച്ചു. പ്രകടനപത്രികയില്‍ അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിന്റെ നിലപാടുകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോഡി.
രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഒരു നിര്‍ദ്ദേശവും കോണ്‍ഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടന പത്രികയുമായി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും മോഡി പറഞ്ഞു. രാഹുല്‍ ഗാന്ധി- അഖിലേഷ് യാദവ് കൂട്ടുകെട്ടിനെയും അദ്ദേഹം പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണെന്നും പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസും എസ് പിയുമായുള്ള പഴയ പഴയ സഖ്യം ഓര്‍മ്മപ്പെടുത്തിയായിരുന്നു മോഡിയുടെ പരിഹാസം. ബി ജെ പി സര്‍ക്കാര്‍ ഒരു വിവേചനവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാ വിഭാഗത്തിലും എല്ലാ ജാതിയിലും എല്ലാവരിലും എത്തണം എന്നതാണ് ഞങ്ങളുടെ ചിന്തയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.