മംഗളുരു: ഭാര്യ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് പരാതിപ്പെടാൻ പൊലീസ് സ്‌റ്റേഷനിലെത്തിയ ഭർത്താവിനെതിരെ ബാലവിവാഹത്തിന് കേസ്. കർണാടകയിലെ റായ്ചൂരിലാണ് താത്തയ്യ എന്നയാൾക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തത്. ഭാര്യക്കെതിരായ പരാതിയുടെ ഭാഗമായി രേഖകൾ പരിശോധിച്ചപ്പോഴാണ് വിവാഹം നടന്നത് പെൺകുട്ടിക്ക് 15 വയസ്സ് മാത്രമുള്ളപ്പോഴാണെന്ന് പൊലീസ് കണ്ടെത്തിയത്.
തന്നെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ഭാര്യ ശ്രമിച്ചു എന്നാരോപിച്ചാണ് താത്തയ്യ റായ്ചൂർ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. പരാതിയുടെ ഭാഗമായി രേഖകൾ പരിശോധിക്കുന്നതിനിടെ ഇയാൾ പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിനു മുമ്പാണ് വിവാഹം ചെയ്തതെന്ന് തെളിഞ്ഞു. ഇതോടെ താത്തയ്യക്കും അമ്മയ്ക്കും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയെ ബാല സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ കൊണ്ടുപോവുകയും ചെയ്തു.
അകന്ന ബന്ധത്തിലുള്ള പെൺകുട്ടിയും താത്തയ്യയും തമ്മിലുള്ള വിവാഹം ആഴ്ചകൾക്കു മുമ്പാണ് നടന്നത്. റായ്ചൂർ ജില്ലയിലെ ഗുർജാപുരയിൽ കൃഷ്ണ നദിക്കു മുകളിലെ പാലത്തിൽ വെച്ച് സെൽഫി എടുക്കുന്നതിനിടെ പെൺകുട്ടി താത്തയ്യയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഒഴുക്കിൽ പെട്ട് ഇയാളെ മത്സ്യബന്ധന തൊഴിലാളികളാണ് രക്ഷിച്ചത്. ഭർത്താവ് പുഴയിൽ വീണത് അബദ്ധത്തിലാണെന്ന് പെൺകുട്ടി പറഞ്ഞെങ്കിലും തന്നെ മനഃപൂർവം വീഴ്ത്തുകയായിരുന്നു എന്നാണ് താത്തയ്യയുടെ ആരോപണം. യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പൊലീസിൽ പരാതിപ്പെടാതെ വിവാഹ മോചനം നടത്താൻ കുടുംബം ശ്രമിക്കുന്നതിനിടെയാണ് യുവാവ് പൊലീസിൽ പരാതിപ്പെട്ടത്. പരസ്പര ധാരണയോടെയുള്ള വിവാഹ മോചന പേപ്പറുകളിൽ പെൺകുട്ടി ഒപ്പുവച്ചിരുന്നു.