മഞ്ചേരി– മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ചത്. വളാഞ്ചേരി നടക്കാവില്‍ ഡോ.സാലിക് മുഹമ്മദിന്റെ ഭാര്യ ഡോ.ഫര്‍സീന(35)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇന്നലെ വൈകിട്ട് നാലരക്കാണ് സംഭവം.
ജീവൻ അവസാനിപ്പിക്കുന്നതായി സൂചിപ്പിക്കുന്ന ആത്മഹത്യ സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയും സ്റ്റാറ്റസായി വെക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഗ്രൂപ്പിലുള്ളവർ ഉടൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ അറിയിച്ചു. തുടര്‍ന്ന് എച്ച്.ഒ.ഡിയുടെ നിര്‍ദ്ദേശ പ്രകാരം വകുപ്പിലെ ഓര്‍ത്തോഡിസ്റ്റ് മറ്റൊരു ജീവനക്കാരനേയും കൂട്ടി ഡോക്ടറുടെ താമസ്ഥലത്തെത്തി ഡോക്ടറെ വിളിച്ചു. അവര്‍ക്കൊപ്പം മെഡിക്കല്‍ കോളജിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ഫോണിലൂടെ വകുപ്പ് മേധാവിയും ഡോക്ടറോട് ആവശ്യപ്പെട്ടു. ഡ്രസ് മാറ്റി വരാമെന്ന് പറഞ്ഞ് അകത്തു കയറിയ ഡോക്ടർ വാതിലടച്ച് ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിപൊളിച്ച് അകത്തു കടന്നപ്പോഴാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചക്ക് രണ്ടു മണി വരെ ഫർസീന മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവർ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് സഹപ്രവർത്തകർ പറഞ്ഞു. രണ്ടു മാസം മുമ്പാണ് ഡോ.ഫര്‍സീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മഞ്ചേരിയിലെത്തിയത്. കല്‍പ്പകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056