തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങിയിരിക്കുന്നു. വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദനായി ജനിച്ച് വേലിക്കകത്ത് ശങ്കരന്‍ അച്യുതനായി വളര്‍ന്ന് വി.എസ് അച്യുതാനന്ദനായി മാറി, ഒടുവില്‍ വി.എസ് എന്ന രണ്ടക്ഷരത്തിന്റെ മാന്ത്രികതയില്‍ മലയാളികള്‍ ഹൃദയത്തില്‍ കുടിയിരുത്തിയിരുന്ന നേതാവാണ് വി.എസ്. വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദനില്‍ തുടങ്ങി വി.എസ് എന്ന ചുരുക്കപ്പേരില്‍ അദ്ദേഹം എത്തിപ്പെട്ടത് ഒരു പുരുഷായുസ്സ് മുഴുവന്‍ നീണ്ട ജനകീയ പോരാട്ടങ്ങളുടെ ഊടുവഴികളിലൂടെയാണ്. ആ പോരാട്ടങ്ങളില്‍ കണ്ണീരിന്റെയും ചോരയുടെയും ഒത്തിരി നനവ് പടര്‍ന്നിട്ടുണ്ട്. കയറ്റിറക്കങ്ങളും വളവു തിരിവുകളും ഒത്തിരിയുണ്ട്. ആ ചരിത്ര മുന്നേറ്റത്തിന്റെ പടവുകളിലെല്ലാം ആലപ്പുഴയുടെ മണ്ണും മനുഷ്യരുമുണ്ട്. കുട്ടനാടന്‍ കായല്‍ നിലങ്ങളും കടലോരവും പുന്നപ്രയിലേയും വയലാറിലെയും പച്ചമണ്ണും അവിടത്തെ സാധാരണ മനുഷ്യരുമാണ് ചരിത്രം മുന്നോട്ട് നടന്ന വഴികളില്‍ വി.എസിന് താങ്ങായത്. ആലപ്പുഴ കളര്‍കോട് എല്‍.പി സ്‌കൂളും പുന്നപ്ര ഗവണ്‍മെന്റ് യു.പി സ്‌കൂളും നല്‍കിയ പാഠങ്ങളേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ മേലങ്കിയായി വി.എസ്സിന് ലഭിച്ചിരുന്നു. പ്രൈമറി വിദ്യാര്‍ഥിയായിരുന്ന കാലത്ത് സഹപാഠികളില്‍ നിന്ന് നേരിട്ട ജാതി വിവേചനത്തെ അരഞ്ഞാണമൂരി തല്ലിയാണ് അന്നത്തെ ബാലനായ വിഎസ് അച്യുതന്‍ നേരിട്ടത്. അനീതികളോടും അധാര്‍മികതളോടും പൊരുതാനുള്ള സ്വന്തം ജീനില്‍ ഉള്‍ചേര്‍ന്ന വികാരവും കരുത്തുമാണ് ഇതില്‍ പ്രകടമായത്. അതുപിന്നീട് നാട്ടിലെവിടെയും നടമാടുന്ന കെട്ട നീതികളോട് സന്ധിയില്ലാതെ കലഹിക്കാനുള്ള ധാര്‍മിക ബലമായി വി.എസ് കൊണ്ടു നടന്നു. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. നാലാം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ടു. കൗമാരം പിച്ചവച്ചു തുടങ്ങുന്നതിന് മുമ്പേ അനാഥത്വത്തിന്റെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ജീവിതം, പക്ഷെ അവിടെ അദ്ദേഹം പതറിയില്ല. യൗവ്വനമാകുന്നതിന്റെ മുമ്പു തന്നെ ആദ്യം ജ്യേഷ്ഠന്‍ ഗംഗാധരന്റെ പറവൂര്‍ ജംഗ്ഷനിലുണ്ടായിരുന്ന ജൗളിക്കടയില്‍ സഹായിയായി ജീവിതത്തോട് മല്ലടിക്കാന്‍ തുടങ്ങി. അവിടെ നിന്ന് ആസ്പിന്‍ വാള്‍ കയര്‍ഫാക്ടറിയിലെ തൊഴിലാളി. അതിനിടയില്‍ പി. കൃഷ്ണപിള്ളയുമായി കണ്ടതും കൃഷ്ണപിള്ളയില്‍ നിന്ന് ലഭിച്ച ക്ലാസും വി.എസിനെ കയര്‍ത്തൊഴിലാളികളുടെ സംഘാടന പ്രവര്‍ത്തനത്തിലേക്ക് നയിച്ചു.


അതിനുശേഷം പതിനെട്ട് വയസ്സാവുന്നതിനു മുമ്പേ തന്നെ പി. കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നു. പിന്നീട് കൃഷ്ണപിള്ള തന്നെ നിര്‍ദേശിച്ചനുസരിച്ച് കുട്ടനാട്ടിലേക്ക് പോകുന്നു. അവിടത്തെ നിരക്ഷരരും നിസ്വരുമായ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുക എന്നതായിരുന്നു ദൗത്യം. വിശപ്പും ശാരീരിക പ്രയാസങ്ങളും വകവെയ്ക്കാതെ കഷ്ടിച്ച് ഇരുപത് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അച്യുതാനന്ദന്‍ കുട്ടനാടന്‍ കായല്‍ പാടവരമ്പിലൂടെ ഒത്തിരി സഞ്ചരിച്ചു. കര്‍ഷകത്തൊഴിലാളികളെ വിളിച്ചു കൂട്ടി അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ നാടിന്റെ സാഹചര്യങ്ങളെയും കുറിച്ച് നീട്ടിയും കുറുക്കിയും ആവര്‍ത്തിച്ചും പറഞ്ഞ് ബോധ്യപ്പെടുത്തി. ജന്മിമാര്‍ക്കുവേണ്ടി പണിയെടുക്കാന്‍ വേണ്ടി വിധിക്കപ്പെട്ടവരല്ല, മറിച്ച് ജന്മിയുടെ പത്തായവും കീശയും വീര്‍പ്പിക്കാന്‍ എല്ലുമുറിയെ പണി ചെയ്യുന്നവരാണ് കര്‍ഷകത്തൊഴിലാളികള്‍ എന്ന് അവരെ ബോധ്യപ്പെടുത്തി. ആ കഠിനാധ്വാനത്തിന് ന്യായമായ കൂലിയും അന്തസ്സും ലഭിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്നും അവരെ മനസിലാക്കി. വര്‍ഷങ്ങള്‍ നീണ്ട വിഎസിന്റെ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ‘തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍’ എന്ന കര്‍ഷകത്തൊഴിലാളികളുടെ ആദ്യ സംഘടന രൂപീകൃതമാവുന്നത്. അതു പിന്നീട് കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയനും ഒടുവില്‍ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനുമായി രാജ്യമാകെ പടര്‍ന്നു പന്തലിച്ചു. അങ്ങനെ രാജ്യത്തെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ ഏറ്റവും കരുത്തുള്ള സമരസംഘടനയായി അത് വരു വരുന്നതിന് ബീജാവാപം ചെയ്തത് വി.എസ് ആയിരുന്നു. അതിന് ഭൂമിയൊരുക്കിയതാവട്ടെ കുട്ടനാട്ടിലെ ചതുപ്പുപാടങ്ങളും. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന് അങ്ങനെ ഒരു സംഘടിത പ്രസ്ഥാനത്തിനു രൂപം നല്‍കിയതിന്റെ ഉശിരന്‍ ചരിത്രവും സ്വന്തമായി.
പിന്നീട് ആലപ്പുഴ കയര്‍ത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍, കൊപ്രമില്‍ തൊഴിലാളികള്‍ എന്നിങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കണ്ണീരൊഴുക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യപൃതനായി. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ കയര്‍ഫാക്ടറി തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് ഒടുവില്‍ ഐതിഹാസികമായ പുന്നപ്രവയലാര്‍ സമരമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഈ സമരസംഘാടന പ്രവര്‍ത്തനങ്ങളുടെ നേതൃനിരയില്‍ വിഎസ് ഉണ്ടായിരുന്നു. പുന്നപ്ര വെടിവെപ്പിനു തലേദിവസം ആലിശേരി മൈതാനിയില്‍ നടത്തിയ പൊതുയോഗത്തില്‍ വിഎസ് പ്രസംഗിച്ചിരുന്നു. അതിന്റെ പേരില്‍ ദിവാന്റെ പോലീസ് കേസും എടുത്തിരുന്നു. എന്നാല്‍, ഒരു കാരണവശാലും പിടികൊടുക്കരുതെന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ആദ്യം കോട്ടയത്തേക്കും പിന്നീട് പൂഞ്ഞാറിലേക്കും ഒളിവില്‍ പോയത്. പൂഞ്ഞാറില്‍ വച്ച് രാഷ്ട്രീയ എതിരാളികള്‍ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് പോലീസ് പിടിയിലായി. പാലാ ലോക്കപ്പില്‍വച്ച കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള പോലീസ് മര്‍ദനത്തിന് അദ്ദേഹം വിധേയനായി. അടിച്ചും ഇടിച്ചും രോഷമടങ്ങാതിരുന്ന പോലീസ് അദ്ദേഹത്തിന്റെ കാല്‍വെള്ളയില്‍ ബയണറ്റ് കുത്തിയിറക്കി. ചോരവാര്‍ന്ന വി.എസ് മൃതപ്രായനായി. മരിച്ചെന്നു കരുതി പോലീസ് അദ്ദേഹത്തെ കുറ്റിക്കാട്ടില്‍ മറവുചെയ്യാന്‍ പോയതായിരുന്നു. കുഴിവെട്ടുന്നതിനിടെയിലാണ് ശ്വാസമുണ്ടെന്ന് മനസിലാക്കി തിരികെ കൊണ്ടുവന്ന് പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മാസങ്ങള്‍ നീണ്ട ചികിത്സ കഴിഞ്ഞിട്ടും കാല്‍ നേരെയായില്ല. ഇതിനിടെയില്‍ പോലീസെത്തി ആലപ്പുഴ സബ്ജയിലിലേക്കുമാറ്റി. അവിടെ നിന്ന് പിന്നീട് പൂജപ്പുരം സെന്‍ട്രല്‍ ജയിലിലേക്കും. ഒടുവില്‍ സ്വാതന്ത്രത്തിന് ശേഷമാണ് ജയില്‍ മോചിതനായത്. പിന്നീട് ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി.


1957ല്‍ ആദ്യപൊതു തെരഞ്ഞെടുപ്പില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് സാക്ഷാത്കരിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നല്‍കിയത് വിഎസ് ചുക്കാന്‍ പിടിച്ച ആലപ്പുഴയായിരുന്നു. ആകെയുള്ള പതിനൊന്നു സീറ്റില്‍ ഒമ്പതെണ്ണത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു വിജയിച്ചത്. പിന്നീട് 1958ല്‍ നടന്ന ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയും വി.എസിനായിരുന്നു. അദ്ദേഹത്തിന്റെ ധീരമായ തെരഞ്ഞെടുപ്പ് പ്രചരണത്തെ തുടര്‍ന്ന് ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ റോസമ്മ പുന്നൂസ് ജയിച്ചു. അതോടം ഇഎംഎസ് ഗവണ്‍മെന്റിന് ഒന്നുകൂടി ആധികാരികത കൈവന്നു.
ആ ഗവണ്‍മെന്റ് കുടിയിറക്കല്‍ നിരോധ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതും പിന്നീട് സമഗ്ര കാര്‍ഷികമെന്ന നിയമം പാസ്സാക്കി പാവപ്പെട്ട കുടിയാന്മാരെയും കര്‍ഷകത്തൊഴിലാളികളെയും ഭൂമിക്ക് അവകാശികളാക്കി മാറ്റുന്നതിന് അസ്തിവാരമിട്ടതും വിഎസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആലപ്പുഴയില്‍ നടത്തിയ പോരാട്ടങ്ങളുടെ കൂടി പരിണിതഫലമായിരുന്നു. 1970 ജനുവരി ആരംഭിച്ച മിച്ചഭൂമി വളച്ചുകെട്ടല്‍ തുടങ്ങുന്നതിന് മുന്നോടിയായി 1969 ഡിസംബര്‍ 14ന് അറവുകാട് ക്ഷേത്ര മൈതാനിയിലല്‍ ലക്ഷങ്ങള്‍ പങ്കെടുത്തു നടത്തിയ സമര പ്രഖ്യാപനത്തിന്റെ സംഘാടകരില്‍ പ്രമുഖനും വി.എസ് ആയിരുന്നു. ഈ റാലിക്കു മുന്നോടിയായി എ.കെ.ജിയുടെ നേതൃത്വത്തില്‍ കര്‍ഷകസംഘവും, എസിന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘവും, വി എസിന്റെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയനും രണ്ടു ജാഥകള്‍ നടത്തിയിരുന്നു. ഈ ജാഥകളുടെ സംഗമത്തെ തുടര്‍ന്നായിരുന്നു ചരിത്രപ്രസിദ്ധമായ അറവുകാട് സമ്മേളനം നടന്നത്. 1970ലെ മിച്ചഭൂമി സമരത്തിന്റേയും പ്രധാന ഭൂമികകളിലൊന്ന് ആലപ്പുഴയും പരിസര പ്രദേശങ്ങളുമായിരുന്നു. ഇവടെ സംഘാടകനായി നിറഞ്ഞു നിന്നത് വി.എസും ആയിരുന്നു. കേരളത്തിലെ നെല്‍വയല്‍ സംരക്ഷണത്തിന് കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ ചുക്കാന്‍ പിടിച്ചതും വി.എസ് തന്നെ. 1997 ജൂണ്‍ 9ന് മാങ്കൊമ്പിലെ ഭദ്രാ തിയേറ്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലായിരുന്നു നെല്‍വയല്‍ സംരക്ഷണ സമരത്തിന് തുടക്കമിട്ടത്. കുട്ടനാട്ടിലായിരുന്നു സമരം പ്രധാനമായും അരങ്ങേറിയത്. എന്നാല്‍ അതിന്റെ പേരില്‍ വി.എസിനെ വെട്ടിനിരത്തലുകാരന്‍ എന്നു പറഞ്ഞ ആക്ഷേപിക്കാന്‍ വരെ രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും ശ്രമിച്ചു. എന്നാല്‍ കാല്‍നൂറ്റാണ്ടു പിന്നിടുന്ന ഈ ഘട്ടത്തില്‍ കേരളം മനസിലാക്കുന്നുണ്ട്, നെല്‍വയല്‍ വയല്‍ സംരക്ഷണ സമരം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന്. ഇത്തരത്തില്‍ ആലപ്പുഴയുടെ മണ്ണും മനുഷ്യനുമാണ് വി.എസിന്റെ ചരിത്രപരമായ പോരാട്ടങ്ങള്‍ക്ക് ഇന്ധനമായി മാറിയത്.