ഷാർജ: ഭാര്യ അതുല്യയുടെ (30) ആത്മഹത്യയെ തുടർന്ന് ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പുറത്താക്കി കമ്പനി അധികൃതർ. ദുബായ് ജുമൈറയിൽ പ്രവർത്തിക്കുന്ന മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയിൽ സൈറ്റ് എൻജിനീയറായി ജോലി ചെയ്തിരുന്ന സതീഷിനെ, കമ്പനി നേരിട്ട് അറിയിച്ചാണ് പിരിച്ചുവിട്ടത്.
ഒരു വർഷം മുമ്പാണ് സതീഷ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് കമ്പനി ഈ നടപടി സ്വീകരിച്ചതെന്നാണ് സൂചന.
ശനിയാഴ്ച പുലർച്ചെ ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സതീഷ് നിരന്തരം അതുല്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. സ്ഥിരം മദ്യപാനിയായ സതീഷ്, മദ്യപിച്ച ശേഷം അതുല്യയ്ക്ക് ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
മാസങ്ങളായി തുടർന്നുവന്ന മാനസിക, ശാരീരിക പീഡനങ്ങൾ സഹിക്കവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ അധികൃതർ നടപടി സ്വീകരിക്കും മുമ്പ് അതുല്യ ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം, തനിക്ക് അതുല്യയിൽ നിന്ന് മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാർജ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും കൂടെ നാട്ടിൽ പഠിക്കുകയാണ്.