കണ്ണൂർ – പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് സി.പി.എം പ്രവർത്തകർ കസ്റ്റഡിയിൽ. സംഭവത്തിൽ അന്വേഷണം നടത്തുന്ന കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിൽ പരിക്കേറ്റവരിൽ 3 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരിൽ രണ്ട് പേർ വെൻ്റിലേറ്ററിലാണ്.
ബോംബ് നിർമ്മാണം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന അരുൺ, അതുൽ, ഷിബിൻ ലാൽ, സായുജ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പിടികൂടിയത് പാലക്കാട് വെച്ചാണ് പിടികൂടിയത്. മറ്റുള്ളവരെ കണ്ണൂരിലെ വിവിധ ഒളിസങ്കേതങ്ങളിൽ വെച്ചും.
ബോംബ് നിർമ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞു.
പാനൂർ കൈവേലിക്കൽ മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷെറിൻ മരിക്കുകയും, സി.പി.എം നേതാവ് വലിയപറമ്പത്ത് നാണുവിന്റെ മകൻ വിനിഷ്,കുന്നോത്ത് പറമ്പ് കടുങ്ങാൻ പോയിൽ ചിറക്കരണ്ടി മേൽ ഗോപിയുടെ മകൻ വിനോദനൻ (സൂപ്പർ സ്റ്റോൺ ടിപ്പർഡ്രൈവർ ),
കുന്നോത്ത് പറമ്പ് കരിയാവുള്ളതിൽ ചാലി കുഞ്ഞിക്കണ്ണന്റെ മകൻ അക്ഷയ് ( ബസ് കണ്ടക്ടർ), പുത്തൂർ കല്ലായിന്റെവിടാ ദിനേശന്റെ മകൻ അശ്വന്ത് ( ചുമട്ടു തൊഴിലാളി), കടുങ്ങാൻ പോയിൽ തങ്കേശപുരയിൽ ചന്ദ്രന്റെ മകൻ ഷിജൽ, എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നില അതീവ ഗുരുതരമായ വിനീഷിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും, വിനോദനെ കോഴിക്കോട് മെഡിക്കൽ കോളജിലും
അക്ഷയെ പരിയാരം മെഡിക്കൽ കോളേജിലും അശ്വന്തിനെ തലശ്ശേരി കോ ഓപ്ററ്റീവ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരിക്കയാണ്. ഇതിൽ രണ്ട് പേർ വെൻ്റിലേറ്ററിലാണ്. പാനൂരിലെ ഒരു കെട്ടിടത്തിൻ്റെ ടെറസ്സിൽ വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
കൊല്ലപ്പെട്ട ഷെറിൻ ഉൾപ്പെടെയുള്ളവർ സി.പി.എം നേതാവ് കെ.കെ.ശൈലജ ടീച്ചർ, ടി.പി. കേസ് പ്രതി കൊടി സുനി എന്നിവർക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിൽ കൊല്ലപെട്ടയാളും, പരിക്കേറ്റവരും പിടിയിലായവരും സജീവ പാർട്ടി ബന്ധമുള്ളയാളുകളാണ്. അതേ സമയം, ബോംബ് സ്ഫോടനവുമായി ബന്ധമില്ലെന്ന് സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അറിയിച്ചു.