ജിദ്ദ: വർഷങ്ങൾക്ക് മുമ്പ് നജ്‌റാനിലെ സർക്കാർ മാതൃ-ശിശു ആശുപത്രിയിൽ നഴ്‌സിന്റെ അബദ്ധത്താൽ നവജാത ശിശുക്കളായ സൗദി, തുർക്കി കുഞ്ഞുങ്ങളെ കുടുംബങ്ങൾക്ക് പരസ്പരം മാറിനൽകിയ യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സൗദി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഈ സംഭവത്തിനുശേഷം, നവജാത ശിശുക്കളെ മാറുന്നത് തടയാൻ ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിയ ‘സിവാർ’ (കുഞ്ഞുങ്ങളുടെ കൈകളിൽ ബന്ധിക്കുന്ന, മാതാപിതാക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ വള) എന്ന ആശയത്തിൽ നിന്നാണ് ഈ ആവേശകരമായ സിനിമക്ക് പേര് നൽകിയിരിക്കുന്നത്.
സൗദി, തുർക്കി കുടുംബങ്ങളുടെ നവജാത ശിശുക്കൾ ആശുപത്രിയിൽ മാറിപ്പോയ സംഭവത്തെ ആസ്പദമാക്കിയ സിനിമയുടെ ഇതിവൃത്തം സംവിധായകൻ ഉസാമ അൽഖുറൈജി വിശദീകരിച്ചു. ഈ ചിത്രം ആഖ്യാനത്തിന്റെയും സാംസ്കാരിക സമ്പന്നതയുടെയും മേന്മയെ ആശ്രയിക്കുന്നു. കഥയുടെ യാഥാർഥ്യവും സൗന്ദര്യവും കാഴ്ചക്കാരുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. നജ്‌റാൻ പ്രവിശ്യയുടെ സാംസ്കാരിക പൈതൃകവും സിനിമ എടുത്തുകാണിക്കുന്നു.
“രണ്ട് സംസ്കാരങ്ങളും ഭാഷകളും ഒരുമിച്ച് വരുന്നതിനെക്കുറിച്ച് ചിലർക്ക് ആശങ്കയുണ്ട്. തുർക്കി സാംസ്കാരിക ഘടകങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ, തുർക്കിയിലെ സംഘത്തിന്റെ സഹായത്തോടെ ഞങ്ങൾ ഈ പ്രതിസന്ധി മറികടന്നു,” ഉസാമ അൽഖുറൈജി പറഞ്ഞു. അഭിനേതാക്കളിൽ ഭൂരിഭാഗവും നജ്‌റാനിൽ നിന്നുള്ളവരാണ്, അവർക്ക് ഇത് ആദ്യത്തെ പ്രൊഫഷണൽ അഭിനയ അനുഭവമായിരുന്നു.
"سوار" فيلم سعودي جديد يتناول قصة تبديل طفلين بين عائلتين سعودية وتركية
— برامج الإخبارية (@alekhbariyaPROG) July 18, 2025
التفاصيل مع مخرج الفيلم أسامة الخريجي#النشرة_الفنية | #الإخبارية pic.twitter.com/3qcWy81S0v
നജ്‌റാനിലെ ആശുപത്രിയിൽ ഒരേ സമയം പ്രസവിച്ച സൗദി, തുർക്കി യുവതികളുടെ കുഞ്ഞുങ്ങളെ നഴ്‌സിന്റെ അബദ്ധത്താൽ പരസ്പരം മാറിനൽകുകയായിരുന്നു. ഇരു കുടുംബങ്ങളും ഈ കുഞ്ഞുങ്ങളെ സ്വന്തം മക്കളെന്ന നിലയിൽ വളർത്തി. വര്‍ഷങ്ങള്‍ക്കു ശേഷം തുര്‍ക്കി കുടുംബം സ്വദേശത്ത് അവധിക്കാലം ചെലവഴിക്കാന്‍ പോയപ്പോള്‍ നാട്ടിലുള്ള ബന്ധുവായ സ്ത്രീക്ക് തോന്നിയ സംശയമാണ് കുട്ടികളെ മാറിയ സംഭവം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തുര്‍ക്കി കുടുംബത്തില്‍ വളരുന്ന കുട്ടിയുടെ മുഖച്ഛായ തങ്ങളുടെ കുടുംബാംഗങ്ങളുടെ രൂപസാദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അറബികളുടെ മുഖച്ഛായയാണെന്നുമുള്ള സംശയമാണ് ഇവര്‍ ഉയര്‍ത്തിയത്. പ്രസവ സമയത്ത് ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മാറിയോ എന്ന സംശയം ഇതോടെ തുര്‍ക്കി കുടുംബത്തില്‍ ഉയര്‍ന്നു.
അവധിക്കാലം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ തുർക്കി കുടുംബം ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും, കുഞ്ഞുങ്ങൾ മാറാനുള്ള സാധ്യത ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, തൃപ്തരാകാതെ അവർ ആരോഗ്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, തുർക്കി യുവതി പ്രസവിച്ച അതേ ദിവസം ഒരു സൗദി യുവതിയും സമാന സമയത്ത് പ്രസവിച്ചതായി കണ്ടെത്തി. ഈ കുടുംബത്തെ കണ്ടെത്തി, ഏറെ ശ്രമത്തിനൊടുവിൽ ഡി.എൻ.എ. പരിശോധനയിലൂടെ കുഞ്ഞുങ്ങൾ മാറിപ്പോയതായി സ്ഥിരീകരിച്ചു.
അറബി സംസാരിച്ച് സൗദി കുടുംബത്തിൽ വളർന്ന തുർക്കി കുട്ടിയെയും, തുർക്കി ഭാഷയും സംസ്കാരവും പഠിച്ച് തുർക്കി കുടുംബത്തിൽ വളർന്ന സൗദി കുട്ടിയെയും, അവരുടെ കുടുംബങ്ങളോടൊപ്പം നജ്‌റാനിൽ സർക്കാർ ചെലവിൽ ഒരുമിച്ച് പാർപ്പിച്ച് മാനസികമായി പാകപ്പെടുത്തിയ ശേഷമാണ് യഥാർഥ മാതാപിതാക്കൾക്ക് തിരികെ നൽകിയത്.