തൃശൂർ– കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോം ആരംഭിക്കാൻ തീരുമാനം. കുടുംബശ്രീ ഡിജിറ്റൽ മാർക്കറ്റിങ് പ്ലാറ്റ്ഫോമായ ‘പോക്കറ്റ് മാർട്’ ആപ്പിലൂടെയാണ് ആവശ്യക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുക. കുടുംബശ്രീ ബ്രാൻഡിൽ പ്രത്യേക പാക്കിങ്ങോടെ ഭക്ഷണം നമ്മുടെ മുന്നിൽ എത്തും. ഇതിലെ ലൊക്കേഷൻ സർവീസ് ഉപയോഗിച്ച് വളരെ വേഗത്തിലും കൃത്യതയോടുകൂടിയും ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കാൻ സാധിക്കും. ഇതിന് മുന്നോടിയായി സംരംഭകർക്കാവശ്യമായ ട്രെയിനിങും നൽകും. ഭക്ഷണ വിതരണം നടത്തുന്നതിന് പാക്കിങ്, ഓൺലൈൻ ഓർഡർ സ്വീകരിക്കൽ തുടങ്ങിയവയിൽ വിദഗ്‌ധ പരിശീലനവും ഉറപ്പാക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് പദ്ധതി നിലവില്‍ വരിക. ഭക്ഷണം മാത്രമല്ല കുടുംബശ്രീയുടെ മറ്റു ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങൾക്ക് ഈ ആപ്പ് വഴി ലഭ്യമാകും.
കുടുംബശ്രീയുടെ പ്രീമിയം കഫേ, ജനകീയ ഹോട്ടൽ, കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഹോട്ടലുകൾ, കാന്റീനുകൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കും. ഭക്ഷണം എത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുകയില്ല. സംരംഭകർക്ക് അധിക വരുമാനം നേടാൻ കുടുംബശ്രീ സംവിധാനത്തിനൊപ്പം സ്വിഗ്ഗി, സോമാറ്റോ പോലുള്ള വിവിധ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലുടെയും വിതരണം നടത്താം. ഭക്ഷണത്തിന്റെ വില നിശ്ചയിക്കുന്നത് ജില്ലാ തലത്തിലായിരിക്കും. പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഓരോ ജില്ലയിലും കുടുംബശ്രീ ജില്ലാമിഷൻ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി ക്ലൗഡ് കിച്ചൻ മാതൃകയിൽ പുതിയ സംരംഭവും ആരംഭിക്കും.
അതേസമയം, ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എത്തുന്ന സമയം കണക്കാക്കി ഭക്ഷണം ഓർഡർ ചെയ്യാം. ഇതുകൂടാതെ 15 ദിവസം, ഒരു മാസം എന്നിങ്ങനെ ഭക്ഷണം സബ്സ്ക്രിപ്ഷൻ നൽകാനുള്ള സൗകര്യം കുടുംബശ്രീ അവതരിപ്പിക്കുന്നുണ്ട്. ഏത് സമയത്ത് എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് ഇതിലൂടെ തെരഞ്ഞെടുക്കാം.