ലണ്ടൻ– ഹാരി പോട്ടർ ചിത്രങ്ങളിലൂടെ പ്രശസ്തരായ നടിമാർ എമ്മ വാട്സണിനും സോയ വാനമേക്കറിനും ഡ്രൈവിങ് നിയമലംഘനത്തെ തുടർന്നുള്ള കേസുകളിൽ ആറുമാസത്തെ ഡ്രൈവിങ് നിരോധനവും പിഴയും ലഭിച്ചു. അതോടെ ഇരുവരും 2026 തുടക്കം വരെ റോഡിൽ വാഹനമോടിക്കാനാവില്ല.
ഹെർമിയോണി ഗ്രേഞ്ജറിന്റെ കഥാപാത്രത്തിലൂടെ ഹാരി പോട്ടർ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച 35 കാരിയായ എമ്മ വാട്സൺ, 2024-ൽ ഓക്‌സ്‌ഫോർഡിൽ 30 മൈൽ പരമാവധി വേഗതാ പരിധിയുള്ള സ്ഥലത്ത് 38 മൈൽ വേഗത്തിൽ ഓടിച്ചുവെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.
സ്പീഡ് ക്യാമറയിലൂടെയാണ് നിയമലംഘനം രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓക്‌സ്‌ഫോർഡിലെ യൂണിവേഴ്സിറ്റിയിൽ പഠനം തുടരുന്നതിനാലാണ് വാട്സൺ കോടതിയിൽ ഹാജരാകാതിരുന്നത്. ഒത്തുചേർന്ന പിഴപ്പോയിന്റുകൾ ഒൻപത് കടക്കുന്നതിനാൽ ഹൈ വൈക്കോമ്പ് മജിസ്ട്രേറ്റ് കോടതിയാണ് ആറുമാസത്തെ ഡ്രൈവിങ് നിരോധനവും 1,405 ഡോളർ (ഏകദേശം 1.17 ലക്ഷം ഇന്ത്യൻ രൂപ) പിഴയും വിധിച്ചത്.
അതേസമയം, ഹാരി പോട്ടർ സിനിമയിൽ മാഡം ഹൂച്ച് എന്ന കഥാപാത്രം അവതരിപ്പിച്ച സോയി വാനമേക്കറിനും (75) പ്രത്യേകം നടന്ന മറ്റൊരു കേസിൽ അതേ വിധി ലഭിച്ചു. 2024-ൽ ബെർക്ക്ഷയറിലെ എം4 മോട്ടോർവേയിലായി 40 മൈൽ പരമാവധി വേഗത പരിധിയുള്ള സ്ഥലത്ത് 46 മൈൽ വേഗതയിൽ വാഹനമോടിച്ചതാണ് കേസിനാസ്പദമായ സംഭവം.
ഇരുവരുടെയും കേസുകളും ഹൈ വൈക്കോമ്പ് മജിസ്ട്രേറ്റ് കോടതിയാണ് കൈകാര്യം ചെയ്തത്. താരങ്ങൾ തമ്മിൽ ബന്ധമില്ലാത്ത വേറിട്ട സംഭവങ്ങളാണെങ്കിലും,ഒരേ ദിവസം, അതേ കോടതി തന്നെ ഇരുവർക്കും ശിക്ഷ വിധിച്ചത് ആരാധകർക്കിടയിൽ കൗതുകമുണ്ടാക്കിയിരിക്കുകയാണ്. ഇരുവരുടെയും ഡ്രൈവിങ് അനുമതി ഉടനെ സാധുവാകില്ലെന്നാണ് വരുന്ന റിപ്പോർട്ടുകൾ.