ദുബൈ – ദുബൈയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായ ദുബൈ സമ്മര്‍ സര്‍പ്രൈസസ് 2025 രണ്ടാമത്തെ റീട്ടെയില്‍ സീസണായ ‘ഗ്രേറ്റ് ദുബൈ സമ്മര്‍ സെയില്‍’ ജൂലൈ 18 ന് ആരംഭിക്കുന്നു. ആവേശകരമായ ഒരു ദിവസം മാത്രമുള്ള 12 മണിക്കൂര്‍ സെയിലെന്ന മെഗാ ഇവന്റോടെ ജൂലൈ 18 ന് രാവിലെ 10 മുതല്‍ രാത്രി 10 വരെ മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ മെഅയ്‌സം, മൈ സിറ്റി സെന്റര്‍ അല്‍ബര്‍ശ എന്നിവയുള്‍പ്പെടെ മാജിദ് അല്‍ഫുതൈം മാളുകളില്‍ ഉപയോക്താക്കള്‍ക്ക് 90 ശതമാനം വരെ അവിശ്വസനീയമായ കിഴിവുകള്‍ ആസ്വദിക്കാന്‍ സാധിക്കും.
ഫാഷന്‍, സൗന്ദര്യം, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍ തുടങ്ങി എല്ലാത്തിനും ഡീലുകള്‍ വാഗ്ദാനം ചെയ്യുന്ന 100 ലേറെ പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ മെഗാ സെയിലില്‍ പങ്കെടുക്കുന്നു.
മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേര എന്നിവിടങ്ങളില്‍ 300 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാന ചക്രം കറക്കി തല്‍ക്ഷണ റിവാര്‍ഡുകള്‍ നേടാന്‍ സാധിക്കും. ഫാഷന്‍, ആക്സസറികള്‍, ഡൈനിംഗ് വിഭാഗങ്ങളിലെ വാങ്ങലുകള്‍ക്ക് രസീതുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ഷെയര്‍ ആപ്പ് വഴി അഞ്ചു ശതമാനം ക്യാഷ്ബാക്ക് നേടാനും കഴിയും. മാള്‍ ഓഫ് ദി എമിറേറ്റ്സില്‍ ഉപയോക്താക്കള്‍ ഒറ്റ ഇടപാടില്‍ 2,000 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുമ്പോള്‍ ഇരുപത് ഇരട്ടി ഷെയര്‍ പോയിന്റുകള്‍ വരെ ലഭിക്കും. ഇത് കൂടുതല്‍ ലാഭം നേടാന്‍ സഹായിക്കും.
ഗ്രേറ്റ് ദുബൈ സമ്മര്‍ സെയില്‍ ഓഗസ്റ്റ് 10 വരെ തുടരും. ഷോപ്പ്, സ്‌കാന്‍ ആന്റ് വിന്‍ പ്രമോഷന്‍ വഴി 300 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് പത്തു ലക്ഷം ദിര്‍ഹമോ പുതിയ നിസ്സാന്‍ പട്രോള്‍ കാറോ നേടാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു.
സ്‌കൈവാര്‍ഡ്സ് എവരിഡേ അംഗങ്ങള്‍ക്ക് ഗ്രേറ്റ് ദുബൈ സമ്മര്‍ സെയില്‍ ആഘോഷത്തില്‍ നിന്ന് പണം സമ്പാദിക്കാനും സാധിക്കും. സ്‌കൈവാര്‍ഡ്സ് എവരിഡേ, സ്‌കൈവാര്‍ഡ്സ് മൈല്‍സ് മാള്‍ വഴിയുള്ള എല്ലാ യോഗ്യമായ വാങ്ങലുകളിലും 25 ശതമാനം ബോണസ് മൈലുകള്‍ നേടാന്‍ കഴിയും. ഗ്രേറ്റ് ദുബൈ സമ്മര്‍ സെയിലില്‍ പങ്കെടുക്കുന്ന പങ്കാളികളായ വ്യാപാര സ്ഥാപനങ്ങളില്‍ 100 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് പത്തു ലക്ഷം സ്‌കൈവാര്‍ഡ്സ് മൈലുകളില്‍ നിന്നുള്ള വിഹിതം നേടാനുള്ള അവസരവുമുണ്ട്.
വമ്പിച്ച കിഴിവുകള്‍, ആവേശകരമായ സമ്മാനങ്ങള്‍, എക്‌സ്‌ക്ലൂസീവ് ലോയല്‍റ്റി റിവാര്‍ഡുകള്‍ എന്നിവയോടെ, ഗ്രേറ്റ് ദുബായ് സമ്മര്‍ സെയില്‍ 12 മണിക്കൂര്‍ സെയില്‍ ദുബൈയിലെ ഏറ്റവും വലിയ റിവാര്‍ഡിംഗ് ഷോപ്പിംഗ് സീസണിന് തുടക്കം കുറിക്കുന്നു. നിങ്ങള്‍ പുതിയ വാര്‍ഡ്രോബ് വാങ്ങുകയാണെങ്കിലും വീട്ടിലേക്കാവശ്യമായ മറ്റു ഉപകരണങ്ങള്‍ വാങ്ങുകയാണെങ്കിലും വേനല്‍ക്കാല ആഘോഷങ്ങളില്‍ മുഴുകുകയാണെങ്കിലും ജൂലൈ 18 വലിയ ഷോപ്പിംഗ് നടത്താനും വലിയ വിജയം നേടാനുമുള്ള ദിവസമാണ്.