ജിദ്ദ – തൊഴില്‍ സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടുന്ന വേലക്കാര്‍ക്ക് രാജ്യം വിടാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും 60 ദിവസത്തെ സാവകാശം അനുവദിക്കുന്ന പുതിയ പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും വഴക്കവും വര്‍ധിപ്പിക്കാനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒളിച്ചോടുന്നതിനാലും മറ്റും ഗാര്‍ഹിക തൊഴിലാളി ജോലിക്ക് ഹാജരാകാത്ത പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വ്യവസ്ഥാപിതമാക്കുകയാണ് പുതിയ പദ്ധതി ചെയ്യുന്നത്.
ഗാര്‍ഹിക തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കാരണം തൊഴില്‍ കരാര്‍ അവസാനിപ്പിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എന്നീ രണ്ടു പ്രധാന സേവനങ്ങളാണ് പുതിയ പദ്ധതി നല്‍കുന്നത്. പുതിയ വിസയില്‍ സൗദിയില്‍ പ്രവേശിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ഗാര്‍ഹിക തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാരണത്താല്‍ തൊഴിലുടമ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന പക്ഷം 60 ദിവസത്തിനുള്ളില്‍ തൊഴിലാളി സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പുറത്തുപോകണം. അല്ലാത്ത പക്ഷം തൊഴിലാളിയെ ഇഖാമ, തൊഴില്‍ നിയമ ലംഘകനായി കണക്കാക്കും.
സൗദിയിലെത്തി രണ്ടു വര്‍ഷം പിന്നിട്ട ശേഷമാണ് ഗാര്‍ഹിക തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാരണത്താല്‍ തൊഴിലുടമ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയതു മുതല്‍ 60 ദിവസത്തിനകം തൊഴിലാളി ഫൈനല്‍ എക്‌സിറ്റില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോവുകയോ പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ വേണം. അല്ലാത്ത പക്ഷം തൊഴിലാളിയെ ഇഖാമ, തൊഴില്‍ നിയമ ലംഘകനായി കണക്കാക്കും
ഗാര്‍ഹിക തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി തൊഴിലുടമ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്ന പക്ഷം (ഹുറൂബാക്കല്‍) ആദ്യ തവണ ഹുറൂബാക്കി പതിനഞ്ചു ദിവസത്തിനകം തൊഴിലുടമക്ക് ഹുറൂബ് നീക്കം ചെയ്യാന്‍ സാധിക്കും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് മുസാനിദ് പ്ലാറ്റ്‌ഫോം വഴി നല്‍കിയ അപേക്ഷയോ ഫൈനല്‍ എക്‌സിറ്റോ തൊഴിലാളിയുടെ പക്കലില്ലെങ്കില്‍ പതിനഞ്ചു ദിവസത്തിനു ശേഷം ഹുറൂബ് അന്തിമമായി മാറും. 120 ദിവസത്തിനുള്ളില്‍ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.