സന്‍ആ – യെമനിലെ ഹൂത്തി മിലീഷ്യകള്‍ ആക്രമിച്ച എറ്റേണിറ്റി സി ചരക്ക് കപ്പലിലെ ശേഷിക്കുന്ന ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായി മാരിറ്റൈം ഏജന്‍സികളായ ഡയപ്ലസും ആംബ്രെയും അറിയിച്ചു. കപ്പല്‍ ഉടമയുടെ അഭ്യര്‍ഥന മാനിച്ചാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് രണ്ട് ഏജന്‍സികളും പറഞ്ഞു.
ലൈബീരിയ പതാക വഹിച്ച ഗ്രീക്ക് ചരക്ക് കപ്പല്‍ എറ്റേണിറ്റി സി രണ്ട് ദിവസമായി തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുങ്ങിയതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാ കമ്പനികളുടെ വൃത്തങ്ങള്‍ അറിയിച്ചു. 22 ജീവനക്കാരും മൂന്ന് സുരക്ഷാ ഗാര്‍ഡുകളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പത്ത് പേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്ന 15 പേരെ കാണാതായതായി കണക്കാക്കപ്പെടുന്നു. ഇതില്‍ അഞ്ച് പേര്‍ മരിച്ചതായി കരുതപ്പെടുന്നതായി സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ചില ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഹൂത്തികള്‍ പറഞ്ഞു.
ജീവനക്കാരില്‍ 21 പേര്‍ ഫിലിപ്പീന്‍സുകാരും ഒരാള്‍ റഷ്യക്കാരനുമാണ്. ഒരു ഗ്രീക്കുകാരനും ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടെ മൂന്ന് സായുധ ഗാര്‍ഡുകളും കപ്പലിലുണ്ടായിരുന്നു. ഗ്രീക്കുകാരനെയും ഇന്ത്യക്കാരനെയും രക്ഷപ്പെടുത്തി. തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കപ്പല്‍ ഉടമ മനസ്സില്ലാമനസ്സോടെ എടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ പത്തു പേരെ ഏതു സാഹചര്യത്തിലും സുരക്ഷിതമായി കരയിലേക്ക് എത്തിക്കുക എന്നതായിരിക്കണം ഇപ്പോള്‍ മുന്‍ഗണന എന്ന് കപ്പല്‍ ഉടമ വിശ്വസിക്കുന്നു – മാരിറ്റൈം റിസ്‌ക് മാനേജ്മെന്റ് സ്ഥാപനമായ ഡയപ്ലസും ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ ആംബ്രെയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മറ്റൊരു ഗ്രീക്ക് ചരക്കു കപ്പലായ മാജിക് സീസിനെ ലക്ഷ്യമിട്ട് നടത്തിയ സമാനമായ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. മുങ്ങുന്നതിന് മുമ്പായി മാജിക് സീസിലെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. രണ്ട് കപ്പലുകളിലും ഉണ്ടായ ആക്രമണങ്ങള്‍, 2023 നവംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ 100 ലേറെ കപ്പലുകള്‍ ആക്രമിച്ച, ഇറാനുമായി സഖ്യത്തിലുള്ള ഹൂത്തികളുടെ ആക്രമണത്തിന്റെ പുനരാരംഭമായി അടയാളപ്പെടുത്തി. ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യമെന്നോണമാണ് ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുന്നതെന്ന് ഹൂത്തികള്‍ പറയുന്നു.