റിയാദ് – ഓഹരി വിപണി തട്ടിപ്പ് കേസില്‍ അഞ്ചു നിക്ഷേപകരെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിക്കു കീഴിലെ പ്രത്യേക സമിതി ശിക്ഷിച്ചു. അബ്ദുല്‍കരീം ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍റാജ്ഹി, പെണ്മക്കളായ ശാദിന്, ശഹദ്, മശാഇല്‍, മറ്റൊരു നിക്ഷേപകനായ രിയാദ് ബിന്‍ സുലൈമാന്‍ ബിന്‍ ഉമര്‍ അല്ഖറാശി എന്നിവരെയാണ് ശിക്ഷിച്ചത്. ഇവര്‍ക്ക് 35 ലക്ഷം റിയാല്‍ പിഴ ചുമത്തി. കൂടാതെ തങ്ങളുടെ പോര്ട്ട്ഫോളിയകളിലൂടെ നിയമ വിരുദ്ധമായി സമ്പാദിച്ച 4.14 കോടി റിയാല്‍ ഇവര്‍ തിരിച്ചടക്കണമെന്നും സമിതി വിധിച്ചു.
നാഷണല്‍ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി (വതനി സ്റ്റീല്‍ കമ്പനി) യുടെ ഓഹരികള്‍ സൗദി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പും ശേഷവും പ്രതികള്‍ തുടര്‍ച്ചയായി ഓഹരി ഇടപാടുകള്‍ നടത്തി കമ്പനി ഉടമസ്ഥാവകാശ അനുപാതം ഉയര്‍ത്തുകയും ഇതേ കുറിച്ച് ഓഹരി ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ വെളിപ്പെടുത്താതിരിക്കുകയുമായിരുന്നു.
കേസിലെ അഞ്ചാം പ്രതി കമ്പനി ഓഹരി വിലയെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വതനീ സ്റ്റീല്‍ കമ്പനി ഷെയറുകളെ കുറിച്ച് പ്രത്യേക അഭിപ്രായം പ്രചരിപ്പിക്കുകയും പ്രൊമോഷന് കാമ്പയിനിലൂടെ കമ്പനി ഓഹരി വില ഉയര്‍ന്നത് പ്രയോജനപ്പെടുത്തി ഷെയറുകള്‍ വില്പന നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. പിഴ തുക ഈടാക്കുന്നതുവരെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം മുഴുവന്‍ സ്ഥാവര ജംഗമ സ്വത്തുക്കളും കസ്റ്റഡിയിലെടുക്കാന്‍ സമിതി ഉത്തരവിട്ടിട്ടുണ്ട്.