ലണ്ടൻ– ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ പുതിയൊരു റെക്കോഡ് കൂടി തൻ്റെ പേരിലാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറല്ലാത്ത ഒരു ഫീൽഡർ നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന പുതിയ റെക്കോഡാണ് താരം കൈപിടിയിലാക്കിയത്. ഇതുവരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനൊപ്പം 210 ക്യാച്ചുകൾ സഹപങ്കിടുന്ന നിലയിലായിരുന്നു റൂട്ട്. എന്നാൽ, ലോർഡ്സിൽ നടന്ന മത്സരത്തിൽ കരുൺ നായരുടെ ക്യാച്ച് എടുത്തതോടെ 211-ആം ക്യാച്ച് സ്വന്തമാക്കി, റൂട്ട് ദ്രാവിഡിനെ പിന്നിലാക്കി. 155 മത്സരങ്ങളിലാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്. ദ്രാവിഡ് ഈ റെക്കോർഡ് 165 ടെസ്റ്റുകൾക്കിടയിൽ നേടിയതാണ്.
149 ടെസ്റ്റിൽ നിന്ന് 205 ക്യാച്ചെടുത്ത മുൻ ശ്രീലങ്കൻ താരം മഹേല ജവർധനെയാണ് പട്ടികയിൽ മൂന്നാമത്, 117 ടെസ്റ്റിൽ നിന്ന് മാത്രം 200 ക്യാച്ചുകളെടുത്ത ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് നാലാമതാണ്. 166 ടെസ്റ്റിൽ നിന്ന് 200 ക്യാച്ചെടുത്ത മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസും സ്മിത്തിനൊപ്പമുണ്ട്.
കഴിഞ്ഞ ദിവസം ടെസ്റ്റ് കരിയറിലെ മൊത്തം സെഞ്ച്വറി നേട്ടത്തിൽ റൂട്ട് ദ്രാവിഡിനെയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും മറികടന്നിരുന്നു. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറിവേട്ടക്കാരിൽ ടോപ് ഫൈവിലെത്താനും റൂട്ടിന് ആയി സച്ചിൻ ടെൻഡുൽക്കർ(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ് (41), കുമാർ സംഗക്കാര (38) എന്നിവർ മാത്രമാണ് ഇനി 37 സെഞ്ച്വറികളുള്ള റൂട്ടിന് മുന്നിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ചുറിയും ഈ വർഷത്തെ ആദ്യ സെഞ്ചുറിയുമാണിത്. 2021ലും 2022ലും 2024ലും ടെസ്റ്റിൽ ആറ് വീതം സെഞ്ചുറികൾ നേടിയ റൂട്ട് 2023ൽ രണ്ട് സെഞ്ചുറികൾ നേടിയിരുന്നു.