ദുബൈ– ജോലി കഴിഞ്ഞ് മെട്രോ ലക്ഷ്യമാക്കി നടന്ന ദുബൈ സ്വദേശി അറിഞ്ഞിരുന്നില്ല, താൻ മരണത്തെ മുഖാമുഖം കാണുമെന്നും, രക്ഷകനായി ഒരു ഡോക്ടർ ആശുപത്രിക്ക് പുറത്ത് തന്നെ കാത്ത് നിൽക്കുമെന്നും.
ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ സ്ഥിതി ചെയ്യുന്ന എൻ.എം.സി റോയൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ വിദഗ്തൻ ഇന്ത്യക്കാരൻ കൂടിയായ ഡോ. നീരജ് ഗുപ്തയാണ് ഹൃദയാഘാതം സംഭവിച്ചയാൾക്ക് രക്ഷകനായി അവതരിച്ചത്. ദിവസം മുഴുവൻ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല. ചായയും, ലഘുവായി എന്തെങ്കിലും കഴിക്കാനെന്നോണം അദ്ദേഹം പുറത്തിറങ്ങുകയും, ഇതിനിടയിൽ ആൾക്കൂട്ടം കാണുകയും ചെയ്തു.
കാഴ്ച്ചകൾ മങ്ങി,കാലുകൾ കുഴഞ്ഞ് നടപ്പാതയിലേക്ക് വീണ് ശ്വാസത്തിനു വേണ്ടി പിടയുകയായിരുന്നു സമീർ എന്ന ദുബൈ സ്വദേശി. തുടർന്ന് ആളുകൾ നിലത്ത് ഒരാളുടെ ചുറ്റും നിൽക്കുന്നത് താൻ കണ്ടെന്നും, അയാളുടെ അടുത്തെത്തിയപ്പോൾ, അയാൾ വല്ലാതെ വിയർക്കുന്നുണ്ടെന്നും മിനിറ്റിൽ നാല് തവണ മാത്രമേ ശ്വസിക്കുന്നുണ്ടെന്നും തിരിച്ചറിയുകയും, ഇതൊരു ഹൃദയാഘാതമാണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ വേണ്ട നടപടികളിലേക്ക് കടക്കുകയായിരുന്നു.
ആശുപത്രി സമീപത്തു തന്നെയായിരുന്നു, അങ്ങനെ ഒരു നിമിഷം പോലും പാഴാക്കാതെ ഡോക്ടർ, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസിനെ (DCAS) അറിയിക്കുകയും സി.പി.ആ.ർ ആരംഭിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തുന്നതിനു മുമ്പുതന്നെ രണ്ട് ഷോക്കുകൾ നൽകുകയും, മൂന്നാമത്തേത് അത്യാഹിത വിഭാഗത്തിനുള്ളിൽ വെച്ച് നൽകുകയും ചെയ്തു.
തുടർന്ന് രോഗിക്ക് മുൻഗണന നൽകുകയും, ഡോക്ടർ നീരജ് ഗുപ്തയുടെ നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തു. ഗുരുതരമായ ഹൃദയാഘാതമാണ് രോഗിക്ക് സംഭവിച്ചിട്ടുള്ളത് എന്ന് കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ ആൻജിയോഗ്രാഫിയിൽ വലത് കൊറോണറി ആർട്ടറിയിൽ 100 ശതമാനവും ഇടതുവശത്ത് 90 ശതമാനവും തടസ്സമുണ്ടെന്ന് കണ്ടെത്തി. രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിച്ചു . വേഗത്തിലുള്ള മെഡിക്കൽ ഇടപെടലിന് നന്ദി പറയാം, വെറും രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് വീണ്ടും നടക്കാൻ കഴിഞ്ഞു എന്ന സന്തോഷകരമായ വാർത്തയാണ് ഖലീജ് ടൈംസ് പുറത്തു വിട്ടത്.