തെല്‍അവീവ് – മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം പതിനായിരക്കണക്കിന് ടണ്‍ സൈനിക ഉപകരണങ്ങള്‍ ഇസ്രായിലില്‍ എത്തിച്ചു. 870 ചരക്കു വിമാനങ്ങളിലും 144 കപ്പലുകളിലുമായി ഒരു ലക്ഷം ടണ്‍ സൈനിക ഉപകരണങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കിടെ അമേരിക്ക ഇസ്രായിലില്‍ എത്തിച്ചത്. ഡസന്‍ കണക്കിന് കാറ്റര്‍പില്ലര്‍ ഡി-9 ബുള്‍ഡോസറുകളും ഡൈനൈന്‍ കവചിത ബുള്‍ഡോസറുകളും അടക്കമുള്ള സൈനിക ഉപകരണങ്ങളാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരോധനം നീക്കി ഇസ്രായിലിന് നല്‍കിയത്.
കാറ്റര്‍പില്ലര്‍ ഡി-9, ഡൈനൈന്‍ കവചിത ബുള്‍ഡോസറുകള്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കിടെ ഹൈഫാ തുറമുഖത്ത് എത്തിയതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ഉപകരണങ്ങള്‍ പിന്നീട് സുരക്ഷാ കവചം സ്ഥാപിക്കാനായി ഇസ്രായിലി സൈനിക ലോജിസ്റ്റിക്‌സ് കേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രായില്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചതിനാല്‍ ബൈഡന്‍ ഭരണകൂടം ബുള്‍ഡോസറുകളുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കഴിഞ്ഞ നവംബറില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഇസ്രായിലിനുള്ള ആയുധ വില്‍പ്പനക്ക് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരവധി നിയന്ത്രണങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് നീക്കി. ഇത് ട്രംപിന്റെ ഭരണ കാലാവധിയുടെ തുടക്കം മുതല്‍ ഇസ്രായിലിനുള്ള സൈനിക പിന്തുണ വര്‍ധിപ്പിക്കാന്‍ അനുവദിച്ചു.