കൊച്ചി– കെറ്റമേലൺ ഡാർക്ക് നെറ്റ് ലഹരിക്കടത്ത് കേസിൽ മുഖ്യപ്രതി എഡിസൺ ബാബുവിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം. ചെന്നൈയിലും ഹൈദരാബാദിലും പിടികൂടിയ ലഹരിമരുന്ന് പാർസലുകൾ അയച്ചത് എഡിസൺ ആണെന്ന വിവരം അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. എൻസിബി ഉദ്യോഗസ്ഥർ ചെന്നൈയിൽ നിന്നു കൊച്ചിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലുള്ള എഡിസണും കൂട്ടാളി അരുൺ തോമസും ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിൽ കഴിയുന്നുണ്ട്. എഡിസൺ ബാബുവിന്റെ പക്കൽ നിന്നും കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറൻസിയും പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ വാഴക്കുളത്ത് എഡിസൺ നിർമിച്ച് കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടം ഉൾപ്പെടെ, ഇയാൾ അന്താരാഷ്ട്ര ലഹരി ഇടപാടുകൾ വഴി സമ്പാദിച്ച ധനം എവിടെയൊക്കെയാണ് നിക്ഷേപിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ എൻസിബി കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
ഡാർക്ക് നെറ്റിൽ കഴിഞ്ഞ പത്ത് വർഷമായി സജീവമായ എഡിസൺ, കഴിഞ്ഞ രണ്ട് വർഷമായി സജീവ ലഹരി വിൽപ്പനയിലായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി ആയിരത്തോളം ഉപഭോക്താക്കളെ ഈ ജാലകം വഴി എത്തിച്ചാണ് ലഹരി വിൽപ്പന നടത്തിയത്. പീരുമേട് സ്വദേശികളായ ഡിയോൾ, അഞ്ജു എന്നിവർ അടക്കമുള്ള മുൻപരിചയമുള്ള ലഹരി ഇടപാടുകാരുമായി എഡിസൻ ബന്ധം പുലർത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആഗോള തലത്തിൽ വൻ ഇടപാടുകൾ നടത്തുന്ന എഡിസനുമായി ബന്ധമുള്ള നിരവധി പേർ രാജ്യത്തും വിദേശത്തുമായി കഴിയുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ
പോസ്റ്റോഫീസുകൾ മറയാക്കി ലഹരി കടത്തി ;കടത്തുന്നതിനായി വ്യാജ ആധാർ കാർഡുകൾ
ലഹരി പാർസലുകൾ അയയ്ക്കാൻ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചും വിവിധ പോസ്റ്റ് ഓഫീസുകളും കൊറിയർ സ്ഥാപനങ്ങളും മറയാക്കി പ്രവർത്തിച്ചുമാണ് എഡിസണും സംഘവും ലഹരി വിതരണം നടത്തിയിരുന്നത് എന്നാണ് കണ്ടെത്തൽ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ഇവയൊക്കെയെന്നു അന്വേഷണത്തിൽ വ്യക്തമാകുന്നു.
ചെന്നൈയിലും ഹൈദരാബാദിലുമുണ്ടായിരുന്ന ലഹരിപ്പാർസൽ പിടിക്കലുകൾക്ക് പിന്നിലും എഡിസന്റെ ബന്ധം ഉറപ്പായതോടെ, വിശദമായ അന്വേഷണത്തിനായി എൻസിബി സംഘം അടുത്ത ആഴ്ച കൊച്ചിയിലെത്തും. അതേ സമയം, എഡിസനെയും സംഘത്തെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് എൻസിബിയുടെ നീക്കം