മലപ്പുറം– കടുവയുടെ കടിയേറ്റ് കൊല്ലപ്പെട്ട മലപ്പുറം, ചോക്കാട് സ്വദേശിയായ ഗഫൂര്‍ അലിയുടെ ഭാര്യക്ക് കേരളാ വനം വകുപ്പില്‍ താത്കാലിക ജോലി. ഗഫൂര്‍അലിയുടെ ഭാര്യ ഉള്ളാട്ടില്‍ ഹന്നത്ത് ആണ് വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി ചേര്‍ന്നത്. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ഓഫീസില്‍ എത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. 2025 മെയ് 15 നാണ് കാളികാവ് അടക്കാക്കുണ്ട് എസ്റ്റേറ്റില്‍ വെച്ച് ടാപ്പിംഗിനിടയില്‍ ഗഫൂര്‍ അലിയെ കടുവ കടിച്ച് കൊന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. തുടര്‍ന്നാണ് സര്‍ക്കാരിന് കുടുംബത്തിന് താത്കാലിക ആശ്വാസമെന്ന നിലയില്‍ ജോലി വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഭാര്യ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
അതിനിടെ ഏറെ പരിഭ്രാന്തി പടര്‍ത്തിയ കടുവയെ ഈയടുത്താണ് അധികൃതര്‍ക്ക് പിടികൂടാനായത്. ഗഫൂര്‍അലിയെ കൊന്ന് അമ്പത്തിമൂന്നാം ദിനമാണ് വനംവകുപ്പിന്റെ കെണിയില്‍ വീണത്. ഗഫൂറിന്റെ ഉറ്റസുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങള്‍ വീതമുള്ള മൂന്ന് ആര്‍ആര്‍ട്ടി സംഘങ്ങള്‍ തെരച്ചില്‍ ആരംഭിച്ചു. ഇത് തുടരുകയും കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ദിനങ്ങളുടെ പരിശ്രമമുണ്ടായിട്ടും കടുവ കെണിയിലായില്ല. ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍, ഡ്രോണുകള്‍, മൂന്ന് കൂടുകള്‍, രണ്ട് കുങ്കി ആനകള്‍, മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വിപുലമായ സംവിധാനങ്ങളോടെ വനം വകുപ്പ് തെരച്ചില്‍ നടത്തിയിരുന്നത്. പിന്നീട് രണ്ടു മാസം അടുക്കാറായപ്പോഴാണ് കടുവ കൂട്ടിലായത്. കെണിവെച്ച് കടുവയെ പിടികൂടിയപ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ കടുവയെ മറ്റൊരിടത്ത് തുറന്നുവിടില്ലെന്ന് കേരളാ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയതിന് ശേഷം മാത്രമാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി പിരിഞ്ഞുപോയത്. അതേസമയം മെയ് അവസാനത്തോടെ ആളക്കൊല്ലി കടുവക്കായി കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയുണ്ടായി.