ജിദ്ദ – സൗദിയില്‍ വ്യാപാര മേഖല വന്‍ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,04,000 ലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 14,56,043 ആയി. ഒരു വര്‍ഷത്തിനിടെ സൗദിയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 10.3 ശതമാനം തോതില്‍ വര്‍ധിച്ചു.
കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ ഒരു വര്‍ഷത്തിനിടെ 14.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. റിയാദില്‍ ആകെ 4,47,037 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. സൗദിയിലെ ആകെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ 31 ശതമാവും റിയാദിലാണ്. രണ്ടാം സ്ഥാനത്തുള്ള നജ്‌റാനില്‍ 12.1 ഉം മൂന്നാം സ്ഥാനത്തുള്ള തബൂക്കില്‍ 10.7 ഉം നാലാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 10.66 ഉം അഞ്ചാം സ്ഥാനത്തുള്ള അസീറില്‍ 10 ഉം ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഒന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം നജ്‌റാനില്‍ 27,191 ഉം തബൂക്കില്‍ 37,196 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 2,22,941 ഉം അസീറില്‍ 87,506 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. സൗദിയിലെ ആകെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ രണ്ടു ശതമാനം നജ്‌റാനിലും മൂന്നു ശതമാനം തബൂക്കിലും 15 ശതമാനം കിഴക്കന്‍ പ്രവിശ്യയിലും ആറു ശതമാനം അസീറിലുമാണ്. ആകെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ 43 ശതമാനം വനിതകളുടെ പേരിലും 38 ശതമാനം യുവാക്കളുടെ പേരിലുമാണ്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ പുതുതായി അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 59 ശതമാനം തോതില്‍ വര്‍ധിച്ചു.