തിരുവനന്തപുരം :മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരൺ, ശരത് എന്നിവർക്കാണ് പരുക്കേറ്റത്.
പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരിൽ ഒരാൾക്കെതിരെ മുമ്പ് എക്സ്പ്ലോസീവ് ആക്‌റ്റ് പ്രകാരം കേസുണ്ടായിരുന്നു എന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), നെടുമങ്ങാട് സ്വദേശി അനിരുദ്ധ് (18), വട്ടപ്പാറ സ്വദേശി കിരൺ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്.
രണ്ടു ബൈക്കുകളിലായെത്തിയ സുഹൃത്തുക്കൾ ഒരു മരച്ചുവട്ടിലിരുന്ന് ബോംബുനിർമാണത്തിൽ ഏർപ്പെടുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഓട്ടോറിക്ഷ വിളിച്ചാണ് നാൽവർ സംഘം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു പോയത്. പാചകവാതകം ചോർന്ന് തീപിടിച്ച് പൊള്ളലേറ്റുവെന്നാണ് ഓട്ടോഡ്രൈവറോട് ഇവർ പറഞ്ഞത്. സ്ഫോടനശബ്ദം കേട്ട് എത്തിയവരാണ് വിവരം മണ്ണന്തല പോലീസിൽ അറിയിച്ചത്. തുടർന്നാണ് വിശദമായ അന്വേഷണത്തിനൊടുവിൽ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്