ജിദ്ദ – പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അടിയന്തിര കേസുകളാണ് പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകളില്‍ സ്വീകരിക്കുക. അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജവാസാത്ത് ഓഫീസുകളെ നേരിട്ട് സമീപിക്കാതെ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തിയും പൂര്‍ത്തിയാക്കാന്‍ സാധിക്കും.
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ റമദാന്‍ 29 ന് തിങ്കളാഴ്ച വരെ റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസില്‍ അടിയന്തിര കേസുകള്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ സ്വീകരിക്കും. ജിദ്ദ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫീസുകളില്‍ റമദാന്‍ 28 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ തുറന്നു പ്രവര്‍ത്തിക്കും.
മറ്റു പ്രവിശ്യകളിലെയും നഗരങ്ങളിലെയും ജവാസാത്ത് ഓഫീസുകള്‍ റമദാനില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്നു വരെയും പെരുന്നാള്‍ അവധിക്കാലത്ത് ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 2.30 വരെയും തുറന്ന് പ്രവര്‍ത്തിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.