ന്യൂയോർക്ക്– ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കീഴടക്കി ചെൽസി സെമിയിൽ പ്രവേശിച്ചു. സെൽഫ് ഗോളാണ് ഇംഗ്ലീഷ് ടീമിനെ കാത്തത്. 16-ാം മിനിറ്റിൽ കോൾ പാൽമറിലൂടെ മുന്നിലെത്തിയ ചെൽസിക്കെതിരേ 53-ാം മിനിറ്റിൽ എസ്റ്റെവാവോയിലൂടെ പാൽമിറാസ് ഒപ്പമെത്തി. ഇരു ടീമും വിജയഗോളിനായി ശ്രമിക്കുന്നതിനിടെ 83-ാം മിനിറ്റിൽ ഡിഫൻഡർ അഗസ്റ്റിൻ ജിയായിയുടെ സെൽഫ് ഗോൾ മത്സരത്തിന്റെ വിധിയെഴുതി. അവസാന മിനിറ്റുകളിൽ പാൽമിറാസ് ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചെൽസി സെമിയിൽ കടന്നത്. സെമിയിൽ ഫ്ളൂമിനെൻസാണ് ചെൽസിയുടെ എതിരാളികൾ.
അൽ ഹിലാലിനെ കീഴടക്കി ഫ്ലുമിനൽസ്
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച അൽ ഹിലാലിന് ഫ്ലുമിനൻസിനോട് അടി പതറുകയായിരുന്നു.
ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഫ്ളൂമിനെൻസിൻ്റെ ജയം.
ജാവോ കാൻസെലോയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മത്തേയുസ് മാർട്ടിനെല്ലിയിലൂടെ ഫ്ളൂമിനെൻസാണ് ആദ്യം സ്കോർ ചെയ്‌തത്. ഗബ്രിയേൽ ഫ്യൂന്റസ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. 51-ാം മിനിറ്റിൽ മാർക്കോസ് ലിയോനാർഡോയിലൂടെ അൽ ഹിലാൽ ഒപ്പമെത്തി. കലിദു കൗലിബലിയുടെ ഹെഡൽ ഫ്ളുമിനെൻസ് ബോക്‌സിലുണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോൾ.
എന്നാൽ 70-ാം മിനിറ്റിൽ പകരക്കാരൻ ഹെർക്കുലീസിലൂടെ ഫ്ളുമിനെൻസ് വിജയഗോൾ കണ്ടെത്തി. നേരത്തേ ഇറ്റാലിയൻ ക്ലബ്ബ് ഇൻ്റർ മിലാനെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിലും ഹെർക്കുലീസ് സ്കോർ ചെയ്‌തിരുന്നു. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ കീഴടക്കി ക്വാർട്ടറിൽ കടന്ന അൽ ഹിലാലിന് ആ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല.