സ്‌പെയിന്‍– കറ്റാലിയന്‍ വമ്പന്മാരായ ബാഴ്‌സലോണ ഉറ്റുനോക്കിയിരുന്ന സ്പാനിഷ് താരം നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്. 2035 ജൂണ്‍ വരെയാണ് പുതിയ കരാര്‍. കരാറില്‍ മുമ്പത്തെ 58 മില്ല്യണ്‍ യൂറോയില്‍ നിന്ന് അന്‍പത് ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവോടെയാണ് പുതിയ റിലീസ് ക്ലോസ്. റജിസ്‌ട്രേഷന്‍ കാരണങ്ങളാലാണ് ബാഴ്‌സക്ക് താരത്തെ സ്വന്തമാക്കാന്‍ പറ്റാതെ പോയത് എന്നാണ് റിപ്പോർട്ട്.
പുതിയ തീരുമാനത്തില്‍ ഏറെ സന്തോഷവാനാണെന്നാണ് താരം പറയുന്നത്. ‘ഇത് ഞാന്‍ ഹൃദയത്തില്‍ നിന്നെടുത്ത തീരുമാനമാണ്, എന്റെ ആളുകളോടൊപ്പം ഞാന്‍ ആഗ്രഹിക്കുന്നിടത്ത് തന്നെയാണ് എനിക്ക് നില്‍ക്കേണ്ടത്. ഇതാണ് എന്റെ വീട്’. താരം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
സ്പാനിഷ് ചാമ്പ്യന്മാരുമായി ചേരാൻ 22 കാരനായ സ്പാനിഷ് ഇന്റർനാഷണൽ വില്യംസ് ആഗ്രഹം പ്രകടിപ്പിച്ചതായി ബാഴ്‌സ സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ അടുത്തിടെ പറഞ്ഞിരുന്നു, വിംഗറുടെ 58 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകി താരത്തെ സ്വന്തമാക്കാൻ തങ്ങൾ തയ്യാറാണെന്നും പ്രസിഡന്റ് ജോൺ ലാപോർട്ട അറിയിച്ചിരുന്നു. നിക്കോ ബാഴ്സയിലേക്കെത്തുമെന്ന് ഏറെക്കാലമായ് കരുതിയിരിക്കുകയായിരുന്നു ആരാധകര്‍. എന്നാൽ അപ്രതീക്ഷിതമായ വഴിത്തിരിവാണ് താരത്തിന്റെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്.