തിരുവനന്തപുരം– കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തിര ധന സഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാര ചടങ്ങിന്റെ ചിലവിനായി ഇന്ന് 50,000 രൂപയാണ് നല്‍കുക. ശേഷം ധനസഹായവും പിന്നാലെ കൈമാറും. ഇന്നലെ മൂന്നു തവണ വീട്ടില്‍ ബന്ധപ്പെട്ടിരുന്നുവെന്നും വീട്ടില്‍ ആരുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം വീട്ടിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
”തെരച്ചില്‍ നിര്‍ത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി. കോട്ടയത്ത് വീഴച്ച ഉണ്ടായില്ല. തെറ്റിദ്ധാരണ ഉണ്ടാകുന്ന പ്രചാരണം ആണ് നടക്കുന്നത്. ഹിറ്റാച്ചി കൊണ്ട് വരണമെന്ന് താനാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഹിറ്റാച്ചി യന്ത്രം അകത്തേക്ക് കൊണ്ട് പോകാന്‍ അല്പം പ്രയാസം നേരിട്ടു. യന്ത്രം കയറി വരാന്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് മാത്രമാണ് കാലതാമസം ഉണ്ടാക്കിയത്. അതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. തെരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞിട്ടില്ല. അത് തെറ്റായ പ്രചാരണമാണ്.”- കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവന രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചുവെന്ന ആക്ഷേപം സംബന്ധിച്ച് ചോദിച്ചപ്പോള്‍ മന്ത്രി വ്യക്തമാക്കി.
”നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്. മെഡിക്കല്‍ കോളേജിനെ മൊത്തത്തില്‍ ആക്ഷേപിക്കാന്‍ ശ്രമം നടക്കുന്നു. ആക്ഷേപിച്ചു ഇല്ലാതാക്കാന്‍ ശ്രമം നടക്കുകയാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് ആശയ വിനിമയം നടത്തിയിരുന്നു.
പ്രക്ഷോഭം നടക്കുന്നത് കൊണ്ടാണ് അങ്ങോട്ട് പോകാതിരുന്നത്. പ്രക്ഷോഭക്കാര്‍ ഷോ കാണിച്ചു ആളെ കൂട്ടുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയില്‍ എന്ന റിപ്പോര്‍ട്ട് വന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സൂപ്രണ്ട് പറഞ്ഞത് ഫയര്‍ ഫോഴ്‌സ് നല്‍കിയ വിവരമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ആ സന്ദര്‍ഭത്തില്‍ മന്ത്രിമാരും ആരും കെട്ടിടത്തില്‍ കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത്. അപ്പോഴും തെരച്ചില്‍ നടത്താന്‍ തന്നെയാണ് നിര്‍ദേശം നല്‍കിയത്. അങ്ങനെയാണ് മണ്ണുമാന്തി യന്ത്രത്തെ ഉള്‍പ്പെടെ കൊണ്ടുവന്നത്.” മന്ത്രി വാസവന്‍ വിശദീകരിച്ചു.