ഫ്‌ളോറിഡ: പോർച്ചുഗീസ് ഫുട്ബോളർ ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും അപ്രതീക്ഷിത മരണത്തിന്റെ ദുഃഖത്തിൽ ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ക്ലബ്ബ് അൽ ഹിലാലും. ക്വാർട്ടർ ഫൈനലിൽ ഇന്നു രാത്രി ഫ്ളുമിനിസിനെ നേരിടാനൊരുങ്ങുന്ന തന്റെ ടീം ജോട്ടയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് കരകയറിയിട്ടില്ലെന്ന് കോച്ച് സിമോൺ ഇൻസാഗി പറഞ്ഞു. അൽ ഹിലാലിലെ പോർച്ചുഗീസ് താരങ്ങളായ ജോവോ കാൻസലോയും റൂബൻ നെവസും പോർച്ചുഗീസ് ടീമിൽ ജോട്ടയുടെ സഹതാരങ്ങളായിരുന്നു.
ഇന്നലെയാണ് സ്പെയിനിലെ സമോറയിലുണ്ടായ കാറപടകത്തിൽ ഡിയോഗോ ജോട്ടയും സഹോദരനും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച ലംബോർഗിനി കാർ നിയന്ത്രണം നഷ്ടമായി റോഡിൽ നിന്ന് പുറത്തേക്ക് മറിയുകയും തീപിടിക്കുകയുമായിരുന്നു. 28-കാരനായ ഡിയോഗോയുടെയും 26-കാരനായ ആന്ദ്രേയുടെയും വിയോഗം ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി. ലിവർപൂൾ താരമായ ഡിയോഗോ ഏതാനും ദിവസങ്ങൾ മുമ്പാണ് തന്റെ ദീർഘകാല പങ്കാളി റൂത്ത് കാർഡോസോയെ വിവാഹം ചെയ്തത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
‘ഡിയോഗോയ്ക്കും ആന്ദ്രേയ്ക്കും സംഭവിച്ചത് കാരണം ഇന്ന് ഒരു ദുഃഖകരമായ ദിവസമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ, ഇവ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. പക്ഷേ, സംഭവിച്ചു പോയി’
ഇൻസാഗി പറഞ്ഞു.
‘റൂബൻ നെവസും കാൻസലോയും ജോട്ടയുമായും സഹോദരനുമായും അടുപ്പമുള്ളവരായിരുന്നു. ഇന്ന് എല്ലാവർക്കും ബുദ്ധിമുട്ടുള്ള ദിവസമാണ് എന്നത് വ്യക്തമാണ്. ഞങ്ങൾ ജോലി ചെയ്യാൻ ശ്രമിച്ചെങ്കിലും അന്തരീക്ഷം മറ്റുദിവസങ്ങളിലെ പോലെയായിരുന്നില്ല. അതൊരു ദുരന്തമായിരുന്നു.’
അദ്ദേഹം കൂട്ടിച്ചേർത്തു.
കാൻസലോയെയും നെവസിനെയും ആശ്വസിപ്പിക്കാൻ ടീം അംഗങ്ങൾ ശ്രമിച്ചുവെന്ന് അൽ-ഹിലാൽ ലെഫ്റ്റ് ബാക്ക് മോത്തബ് അൽ ഹറാബി പറഞ്ഞു:
‘ഉണർന്ന നിമിഷം മുതൽ വാർത്ത കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി. അവർ സഹതാരങ്ങളാണ്. ഞങ്ങളെല്ലാം ദുഃഖിതരാണെങ്കിലും അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഞങ്ങൾക്കെല്ലാവർക്കും സങ്കടം തോന്നി, പക്ഷേ ഞങ്ങൾ എല്ലാവരും അവരുടെ ചുറ്റുമുണ്ടായിരുന്നു.’
കാൻസലോയും റൂബൻ നെവസും ദുഃഖത്തിൽ നിന്ന് കരകയറിയിട്ടില്ലെങ്കിലും ഇന്നത്തെ മത്സരത്തിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സൗദി ക്ലബ്ബിന്റെ വിംഗർ ഖാലിദ് അൽ ഗന്നം പറഞ്ഞു.
പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3 ന് തോൽപ്പിച്ച് അവസാന എട്ടിലെത്തിയ അൽ ഹിലാൽ, ഇന്റർ മിലാനെ കീഴടക്കിയ ഫ്‌ളുമിനിസിനെ ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന മത്സരത്തിലാണ് നേരിടുന്നത്. ഫ്‌ളോറിഡയിലെ കാംപിങ് വേൾഡ് സ്റ്റേഡിയത്തിലാണ് മത്സരം.