കോഴിക്കോട്– ലഹരി വിരുദ്ധ ക്യാംമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ എതിർത്ത മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകൻ ടി.കെ അഷ്റഫിനെതിരായ സസ്പെൻഷൻ നടപടിയിൽ കനത്ത പ്രതിഷേധം. വിവിധ രാഷ്ട്രീയ സംഘടനകളും, മുസ്ലിം മത സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും, എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനുമായ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്. താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് വിമർശിച്ചത്.ഇദ്ദേഹത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും, പ്രതികൂലിച്ചും പലരും രംഗത്തു വന്നിരുന്നു.
വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കമ്യൂണിസ്റ്റ് ഫാസിസവുമെന്നു തിരിച്ചറിയുന്നു എന്നാണ് പണ്ഡിതന്‍ നാസര്‍ ഫൈസിയുടെ വിമര്‍ശനം.
ഒരു സമുദായ നേതാവ് ആശങ്ക ഉന്നയിച്ചതിന് അയാളെ സസ്പെൻഡ് ചെയ്യുകയാണ് സർക്കാർ. കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കിയ റിബേഷ് ഒരു അധ്യാപകനാണ്. പരാതി ഉണ്ടായിട്ടും അയാൾക്കെതിരെ നടപടിയില്ല. മുസ്‌ലിം മതസംഘടനകൾ അഭിപ്രായം പറഞ്ഞാൽ മാത്രം അതെങ്ങനെയാണ് വർഗീയമാവുന്നത് എന്നായിരുന്നു യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ച ചോദ്യം.
യൂത്ത് കോൺഗ്രസ് നേതാവ് വി.ആർ അനൂപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നുണ്ട്. “കണ്ണൂരിലെ ആർഎസ്എസുകാരനായ ജയകൃഷ്ണൻ സ്കൂളിൽ അധ്യാപകൻ ആയിരുന്നു. ആ സ്കൂളിലെ കുട്ടികളുടെ മുന്നിൽ വെച്ചാണ് സിപിഎമ്മുകാർ അയാളെ വെട്ടികൊലപ്പെടുത്തിയതും. അതൊന്നും അല്ലാ ഇപ്പോഴത്തെ വിഷയം. സർക്കാറിൻ്റെ ശമ്പളം വാങ്ങിച്ചാണ്, മരിക്കുന്നത് വരെ അയാൾ സംഘപരിവാർ ആശയപ്രചാരണം നടത്തിയിരുന്നത്. അതൊക്കെ പഴയകാര്യങ്ങൾ എന്ന് പറയാം. എന്നാൽ സാക്ഷാൽ ശശികല ഈയടുത്ത് പെൻഷൻ ആവുന്നത് വരെ നാട്മുഴുവൻ നടന്ന് വിദ്വേഷ പ്രചാരണം നടത്തിയിരുന്നത്, സ്കൂൾ ടീച്ചർ എന്ന നിലയിൽ, സർക്കാറിൻ്റെ പൈസ വാങ്ങിച്ച് തന്നെയാണ്. ഇതൊക്കെ ഇപ്പോ പറയാൻ കാരണം , സുംബ വിഷയത്തിൽ സർക്കാറിനെതിരെ നിലപാട് എടുത്തതിൻ്റെ പേരിൽ, ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം ആയിരിക്കുകയാണ്. ആ അധ്യാപകൻ്റെ നിലപാടിനോട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. പക്ഷേ, ആ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ അടിയന്തരമായി അച്ചടക്കനടപടി ഉണ്ടാകുന്നു എന്നിടത്ത് തന്നെയാണ് പ്രശ്നം. മരിച്ച് പോയ ജയകൃഷ്ണനേയും , ജീവിച്ചിരിക്കുന്ന ശശികലയേയും അപേക്ഷിച്ച് , ഇപ്പോൾ ശിക്ഷണ നടപടിയ്ക്ക് വിധേയകനാകാൻ പോകുന്ന ആൾക്കുള്ള അയോഗ്യത അദ്ദേഹത്തിൻ്റെ പേര് ടി കെ അഷ്റഫ് എന്നാണെന്നും, അദ്ദേഹം ഒരു മുസ്ളീം സംഘടനാ പ്രവത്തകൻ ആണെന്നുള്ളതും ആണ്. ഒരുപാട് തവണ ഇവിടെ പറഞ്ഞിട്ടുള്ള ഒരു കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. സർക്കാർ കാവലുണ്ട്, സംഘികൾക്ക് മാത്രം.” എന്നായിരുന്നു ആ പോസ്റ്റ്
ടി.കെ അഷ്‌റഫിന് എതിരായ നടപടി വിവേചനമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഇത് ഫാസിസമാണെന്നും,വിയോജിപ്പുകളെ ഭീക്ഷണിയിലൂടെ ഇല്ലാതാക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമെന്നും അധ്യാപകനെതിരെയുള്ള വകുപ്പ്തല നടപടി നിര്‍്‌ദ്ദേശം പിന്‍വലിക്കണമെന്നും കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റി പ്രതികരിക്കുകയുണ്ടായി.
അധ്യാപകനെതിരെയുള്ള നടപടി ഭരണഘടനാ വിരുദ്ധവും,പക്ഷപാതപരവുമാണെന്നും, ഡി.ഇ.ഒ നടപടി പുനപരിശോധിക്കണമെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് പ്രതികരിച്ചു.
വിയോജിക്കുന്നവര്‍ക്കെതിരെയുള്ള നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അധ്യാപകനെതിരായുള്ള നടപടി ശുപാര്‍ശ പിന്‍വലിക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) പറയുകയുണ്ടായി.