പ്രതിരോധ, സുരക്ഷാ മേഖലകലില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണ
ജിദ്ദ – ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രൊബോവൊ സുബിയാന്റോയുടെ സൗദി സന്ദര്‍ശനത്തിനിടെ ക്ലീന്‍ എനര്‍ജി, പെട്രോകെമിക്കല്‍ വ്യവസായം, വിമാന ഇന്ധനം അടക്കമുള്ള മേഖലകളില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇന്തോനേഷ്യയും 2,700 കോടി ഡോളറിന്റെ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സൗദി കിരാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെയും അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ പ്രഥമ സൗദി, ഇന്തോനേഷ്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കിരീടാവകാശിയും ഇന്തോനേഷ്യന്‍ പ്രസിഡന്റും പിന്നീട് പ്രത്യേകം വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.
മേഖലാ, ആഗോള സുരക്ഷയും സ്ഥിരതയും സംയുക്ത താല്‍പര്യങ്ങളും കൈവരിക്കാന്‍ സഹായിക്കുന്ന നിലക്ക് പ്രതിരോധ സഹകരണം ശക്തമാക്കാനും ഭീകര വിരുദ്ധ പോരാട്ടം, കുറ്റകൃത്യ വിരുദ്ധ പോരാട്ടം, സൈബര്‍ സെക്യൂരിറ്റി, വിവര കൈമാറ്റം, പരിശീലനം അടക്കം സുരക്ഷാ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു.
ഗാസയിലെ മാനുഷിക ദുരന്തത്തില്‍ സൗദി അറേബ്യയും ഇന്തോനേഷ്യയും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും അത് അവസാനിപ്പിക്കാന്‍ അടിയന്തര പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായിലിന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ അടിയന്തര പിന്തുണയും ദുരിതാശ്വാസ സഹായവും നല്‍കുന്നത് തുടരാനുള്ള പ്രതിബദ്ധതയും ഇസ്രായില്‍ വെടിനിര്‍ത്തല്‍ പാലിക്കണമെന്ന നിലപാടും ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചു.
ഉപരോധവും പട്ടിണിയും ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ആയുധങ്ങളായി ഉപയോഗിക്കുന്ന ഇസ്രായിലിന്റെ നയത്തെ സംയുക്ത പ്രസ്താവന അപലപിച്ചു. ഫലസ്തീന്‍ പൗരന്മാരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് നിരാകരിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ജീവകാരുണ്യ പ്രവര്‍ത്തകരെ ഇസ്രായില്‍ തുടര്‍ച്ചയായി ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനെ അപലപിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ പാലിക്കാന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ അന്താരാഷ്ട്ര സമൂഹം പങ്ക് വഹിക്കണം. ഇസ്രായിലിന്റെ നിയമ ലംഘനങ്ങളെ എല്ലാ രാജ്യങ്ങളും അപലപിക്കണം.
ഫലസ്തീന്‍ ജനതക്ക് മാനുഷിക, ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ ഐക്യരാഷ്ട്രസഭാ സംഘടനകള്‍, പ്രത്യേകിച്ച് യു.എന്‍ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകളെ പ്രാപ്തമാക്കണം. ഇക്കാര്യത്തില്‍ ഈ സംഘടനകള്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കണം. ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയും, സമാധാനപരമായ സഹവര്‍ത്തിത്വത്തിനും സാമ്പത്തിക വികസനത്തിനും ഉചിതമായ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിലൂടെയും, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തികളില്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഫലസ്തീന്‍ ജനതയെ പ്രാപ്തരാക്കുന്നതിലൂടെയും മാത്രമേ ഫലസ്തീനില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ കഴിയൂ എന്ന് സൗദി അറേബ്യയും ഇന്തോനേഷ്യയും പറഞ്ഞു.
അസംസ്‌കൃത എണ്ണയുടെയും ഉപോല്‍പന്നളുടെയും പെട്രോകെമിക്കലുകളുടെയും ഇറക്കുമതി, വിതരണം, ശുദ്ധീകരണം, പെട്രോകെമിക്കല്‍ എന്നീ മേഖലകളിലെ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സംയുക്ത ശ്രമങ്ങള്‍, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനായി ഹൈഡ്രോകാര്‍ബണുകളുടെ നൂതന ഉപയോഗങ്ങളില്‍ സഹകരണം, ഊര്‍ജ മേഖലകളിലെ വിതരണ ശൃംഖലകള്‍ വികസിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യല്‍, ഇരു രാജ്യങ്ങളിലെയും പ്രാദേശിക വിഭവങ്ങളുടെ ഉപയോഗം പരമാവധിയാക്കുന്നതിന് കമ്പനികള്‍ തമ്മിലുള്ള സഹകരണം സുഗമമാക്കല്‍, ഊര്‍ജ വിതരണ വഴക്കവും കാര്യക്ഷമതയും വര്‍ധിപ്പിക്കല്‍, പ്രാദേശിക ഉള്ളടക്കം വര്‍ധിപ്പിക്കല്‍, പ്രാദേശിക വ്യവസായങ്ങളെ ശാക്തീകരിക്കല്‍, കൂടുതല്‍ മെച്ചപ്പെട്ട വിതരണ ശൃംഖലകള്‍ സ്ഥാപിക്കല്‍, വൈദ്യുതി, പുനരുപയോഗ ഊര്‍ജം, ഊര്‍ജ സംഭരണ പദ്ധതികള്‍, സാങ്കേതികവിദ്യാ കൈമാറ്റം, ശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ നയങ്ങള്‍, കാര്‍ബണ്‍ പിടിച്ചെടുക്കല്‍-വിനിയോഗ-സംഭരണ സാങ്കേതികവിദ്യകള്‍, ധാതു വിഭവങ്ങള്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ-ഇന്നൊവേഷന്‍, നീതിന്യായം, തൊഴില്‍-മാനവശേഷി, സംസ്‌കാരം, ടൂറിസം, കായികം-യുവജനക്ഷേമം, വിദ്യാഭ്യാസം-ശാസ്ത്ര ഗവേഷണം, വ്യവസായം-ഖനനം, കൃഷി-മത്സ്യബന്ധനം-ഭക്ഷ്യസുരക്ഷ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം മെച്ചപ്പെടുത്തല്‍-ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഇളവുകളും നല്‍കല്‍ എന്നീ മേഖലകളിലും സഹകരണവും പങ്കാളിത്തവും വര്‍ധിപ്പിക്കാനും സൗദി അറേബ്യയും ഇന്തോനേഷ്യയും ധാരണയിലെത്തി.