റിയാദ് – റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി മുതല്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടതില്ല. യാത്രാ നടപടികള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കുന്ന ഇ-ഗെയ്റ്റ് സേവനത്തിന്റെ ആദ്യ ഘട്ടം ജവാസാത്ത് ഡയറക്ടറേറ്റ് ഉദ്ഘാടനം ചെയ്തു. മൂന്നാം നമ്പര്‍ ടെര്‍മിനലിലും നാലാം നമ്പര്‍ ടെര്‍മിനലിലുമാണ് ഇ-ഗെയ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ഗാംദി, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, ജവാസാത്ത് മേധാവി മേജര്‍ സുലൈമാന്‍ അല്‍യഹ്‌യ, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ഡോ. ഉസാം അല്‍വഖീത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
മനുഷ്യ ഇടപെടല്‍ കൂടാതെ യാത്രക്കാര്‍ക്ക് എളുപ്പത്തിലും വേഗത്തിലും യാത്രാ നടപടിക്രമങ്ങള്‍ സ്വയം പൂര്‍ത്തിയാക്കുന്നതിന് അവസരമൊരുക്കാനാണ് ഇ-ഗെയ്റ്റ് സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ജവാസാത്ത് മേധാവി പറഞ്ഞു. സമയവും അധ്വാനവും ലാഭിക്കാന്‍ പുതിയ സേവനം യാത്രക്കാരെ സഹായിക്കുന്നു. ഇ-ഗെയ്റ്റ് സേവനം പ്രയോജനപ്പെടുത്താന്‍ യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ജവാസാത്ത് സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം. ഉയര്‍ന്ന കാര്യക്ഷമതയുള്ള സ്മാര്‍ട്ട്, ഡിജിറ്റല്‍ പരിഹാരങ്ങള്‍ ലഭ്യമാക്കി സൗദി പൗരന്മാരുടെയും വിദേശികളുടെയും സന്ദര്‍ശകരുടെയും നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയതെന്നും ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു.